X

സര്‍ക്കാര്‍ നിയോഗിച്ച അഭ്യൂഹ വിരുദ്ധ പ്രചാരകനെ ജനക്കുട്ടം തല്ലിക്കൊന്നു; ത്രിപുരയില്‍ ഇന്റര്‍നെറ്റ് നിരോധനം

സംസ്ഥാനത്തെ വ്യത്യസ്ത സംഭവങ്ങളിലായി ഇതുവരെ മുന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘങ്ങളെന്ന് സംശയിച്ച് ആള്‍ക്കൂട്ട ആക്രമണം തുടരുന്ന ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് പോലിസ്. അഭ്യുഹങ്ങള്‍ പടരാതിരിക്കാനാണ് എംഎംഎസ്, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മൊബൈല്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടതെന്ന് ത്രിപുര ഡിജിപി ഏകെ ശുക്ല പ്രതികരിച്ചു. ത്രിപുരയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യത്യസ്ത  ആള്‍ക്കൂട്ട ആക്രമണത്തില്‍ ആള്‍ക്കൂട്ട തല്ലിക്കൊലകള്‍ക്കെതിരേ ബോധവല്‍കരണം നത്തുന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.

ത്രിപുരയിലെ കലാചാഹറയില്‍ വച്ച് 28ാം തിയ്യതി ഉണ്ടായ സംഭവത്തിലാണ് സാസ്കാരിക വകുപ്പിന് കീഴിലെ താല്‍ക്കാലിക പ്രചാരകനായ സുകാന്ത ചക്രബര്‍ത്തി(33) കൊല്ലപ്പെട്ടത്. ഇദ്ദേഹമുള്‍പ്പെടെ എട്ടുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജനക്കൂട്ടത്തിന്റെ കയ്യേറ്റത്തിന് ഇരയായത്. സുകാന്ത ചക്രബര്‍ത്തി സഞ്ചരിച്ചിരുന്ന വാഹനം ആള്‍ക്കട്ടം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സുകാന്ത ചക്രബര്‍ത്തി കൊല്ലപ്പെടുകയും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഇവരുടെ വാഹനവും ജനകൂട്ടം തല്ലിത്തകര്‍ത്തിട്ടുണ്ട്. സംസ്ഥാനത്തെ വ്യത്യസ്ത സംഭവങ്ങളിലായി ഇതുവരെ മുന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയി അവയവങ്ങള്‍ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ചാണ് അള്‍ക്കൂട്ട ആക്രമണം. ഇത്തരം സംഘങ്ങള്‍ വ്യാപകമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതിന് പിറകെയാ്ണ് ജനക്കൂട്ടം ആക്രമണങ്ങള്‍ക്ക് തുനിഞ്ഞത്.

പൊതു ഇടങ്ങളില്‍ ആള്‍ക്കുട്ട ആക്രമണത്തിനെതിരെ സര്‍ക്കാരിനു വേണ്ടി ഉച്ചഭാഷിണി അടക്കം ഉപയോഗിച്ച് പ്രചാരണം നടത്തുന്ന വ്യക്തിയാണ് സുകാന്ത ചക്രബര്‍ത്തി. ഇദ്ദേഹത്തെ പലര്‍ക്കും പരിചയമുണ്ടെന്നിരിക്കെ അദ്ദേഹം ആക്രമണത്തിന് ഇരയായതില്‍ സംശയമുണ്ട്, ഇക്കാര്യം പരിശോധിച്ച് വരികയാണെന്നുമാണ് പോലീസ് പ്രതികരണം.

സമാനമായ ആരോപണം ഉന്നയിച്ച് ബിഹാര്‍ ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തെരുവ് കച്ചവടക്കാരാണ് അക്രമണത്തിനിരയായ മറ്റുള്ളവര്‍. മരണമടഞ്ഞ രണ്ടുപേര്‍ ജനക്കുട്ടത്തെ ഭയന്ന് സ്റ്റേറ്റ് റൈഫിള്‍സ് ക്യാംപിലേക്ക് ഓടിക്കയറിയെങ്കിലും വന്‍ ജനക്കൂട്ടം ആക്രമണം തുടരുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ യുപിയില്‍ നിന്നുള്ള സാഹിര്‍ ഖാന്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായും പോലിസ് പ്രതികരിച്ചു. ഇതിനുപുറമേ കുട്ടികളെ തട്ടിക്കൊണ്ട് പോവാനെത്തിയെന്നാരോപിച്ച് ബിഷാലാഖണ്ടില്‍ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്കുനേരെയും അതിക്രമം നടന്നിരുന്നു.

അതേസമയം, കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘം സജീവമാണെന്ന പ്രചരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിബ്ലവ് ദേബ് കുമാര്‍ ആവശ്യപ്പെട്ടു. ഇതില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന ആസുത്രിക നീക്കം സംശയിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

Explainer: യുജിസിയെ തകർത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

This post was last modified on June 30, 2018 12:18 pm