X

പാക്ക് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് പേരെ വധിച്ചതായി സൈന്യം

പാകിസ്താൻ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) യൂണിഫോം ധാരികളായ രണ്ട്പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്.

കാശ്‌മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. പാകിസ്താൻ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ (ബിഎടി) യൂണിഫോം ധാരികളായ രണ്ട്പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കാനുള്ള പദ്ധയുമായാണ് ഞായറാഴ്ച രാത്രിയില്‍ ഇവർ നുഴഞ്ഞ് കയറാൻ ശ്രമിച്ചതെന്ന് സൈന്യം അറിയിച്ചു.

മോര്‍ട്ടാര്‍, റോക്കറ്റുകള്‍ തുടങ്ങിയവ അടക്കം വന്‍ ആയുധ സന്നാഹങ്ങളോടെയായായിരുന്നു നുഴഞ്ഞുകയറ്റമെന്ന് സൈനിക വക്താവ് അറിയിച്ചു. നിയന്ത്രണ രേഖയോടടുത്ത വനമേഖലയിലൂടെ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നുമാണ് സൈന്യം നല്‍കുന്ന സൂചന. സംഘത്തിലെ മറ്റുള്ളവര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്.

അതേസമയം. പാക് സൈന്യം തന്നെയാണ് നുഴഞ്ഞ് കയറ്റ ശ്രമത്തിന് പിന്നിലെന്ന് കരുതുന്നതായി സൈന്യം പറയുന്നു. നുഴഞ്ഞുകയറ്റത്തിനിടെ ഇവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിവെപ്പ് നടത്തിയത് ഇതിന് ഉദാഹരണമാണ്. പാക്‌ സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളും ഇവരിൽനിന്ന്‌ കണ്ടെടുത്തതായും സൈനിക വക്താവ് പറയുന്നു. ഈ സാഹചര്യത്തിൽ നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുമെന്നും അധികൃതർ അറിയിച്ചു.

This post was last modified on December 31, 2018 11:43 am