X

“അച്ഛനില്‍ നിന്ന് ഭീഷണിയുണ്ട്” – സംരക്ഷണം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എയുടെ മകളും ഭര്‍ത്താവും ഹൈക്കോടതിയില്‍

പിതാവിന്റെ ഗുണ്ടകളില്‍ നിന്ന് ജീവന് ഭീഷണിയുണ്ട് എന്നും പൊലീസ് സംരക്ഷണം വേണമെന്നും പറഞ്ഞ് 23കാരിയായ സാക്ഷി മിശ്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

സ്വന്തം പിതാവില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയുടെ മകളും ഭര്‍ത്താവും സംരക്ഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ബറെയ്‌ലി ജില്ലയിലെ ബിതാരി ചെയ്ന്‍പൂര്‍ മണ്ഡലത്തിലെ എംഎല്‍എയായ
രാജേഷ് മിശ്രയ്‌ക്കെതിരെ മകള്‍ സാക്ഷി മിശ്രയും ഭര്‍ത്താവ് അജിതേഷുമാണ് കോടതിയെ സമീപിച്ചത്. ജൂലായ് 15ന് കേസില്‍ തുടര്‍വാദം കേള്‍ക്കുമെന്ന് ജഡ്ജി അറിയിച്ചു. അതേസമയം താനോ തന്റെ ആളുകളോ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് രാജേഷ് മിശ്ര പ്രതികരിച്ചു.

പിതാവിന്റെ ഗുണ്ടകളില്‍ നിന്ന് ജീവന് ഭീഷണിയുണ്ട് എന്നും പൊലീസ് സംരക്ഷണം വേണമെന്നും പറഞ്ഞ് 23കാരിയായ സാക്ഷി മിശ്ര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ദലിത് വിഭാഗക്കാരനായ അജിതേഷിനെ വിവാഹം കഴിച്ചതാണ് ഭീഷണിക്ക് കാരണമെന്ന് യുവതി പറയുന്നു. താന്‍ വിവാഹിതയാണ് എന്നും തന്നേയും ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ കുടുംബത്തേയും പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും സാക്ഷി മിശ്ര പറഞ്ഞിരുന്നു.

സാക്ഷിക്കും അജിതേഷിനും വീട്ടുകാര്‍ക്കും സംരക്ഷണം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. രാജേഷ് മിശ്രയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായി അജിതേഷിന്റെ പിതാവ് ഹരീഷ് കുമാര്‍ പറഞ്ഞു. തനിക്കോ ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ പിതാവും ആളുകളുമായിരിക്കും ഉത്തരവാദികളെന്ന് സാക്ഷി പറഞ്ഞിരുന്നു.

This post was last modified on July 12, 2019 10:27 am