X

വനിതാ മതിലിനു വേണ്ടി പെന്‍ഷന്‍ കാശ് പിടിച്ചുപറിച്ചോ? വിവാദങ്ങളിൽ തട്ടി തകരുമോ നവോത്ഥാന മതിൽ?

വനിതാ മതിലിൽ അണിചേരണമെന്ന വകുപ്പ് മേധാവിമാർ‍ സർക്കുലർ പുറത്തിറക്കിയെന്ന വിവാദത്തിന് പിറകെയാണ് വിവിധഇടങ്ങളിൽ നിന്നും ആരോപണം ഉയരുന്നത്.

വനിതാ മതിൽ പരിപാടിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവാദങ്ങളും കനക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പല വിധം പരാതികളാണ് വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത്. ക്ഷേമ പെൻഷൻകാരിൽ നിന്നും പണം ഈടാക്കിയെന്ന് പാലക്കാട് നിന്ന് പരാതി ഉയർന്നപ്പോൾ വനിതാ മതിലിന്‍റെ പേരില്‍ കുട്ടനാട്ടിലെ പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പ നിഷേധിക്കുന്നതായാണ് ആരോപണം. അതേസമയം, പരിപാടിയോട് സഹകരിച്ചില്ലെങ്കിൽ അയൽക്കൂട്ടം പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറം നിറമരുതുരിൽ നിന്നുള്ള വിവാദം. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് പഞ്ചായത്ത് ഒാഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. വനിതാ മതിലിൽ അണിചേരണമെന്ന വകുപ്പ് മേധാവിമാർ‍ സർക്കുലർ പുറത്തിറക്കിയെന്ന വിവാദത്തിന് പിറകെയാണ് വിവിധഇടങ്ങളിൽ നിന്നും ആരോപണം ഉയരുന്നത്.

അതേസമയം, പാലക്കാട് പുതുശ്ശേരിയില്‍ വനിതാ മതിലിനു വേണ്ടി ക്ഷേമ പെൻഷൻകാരിൽ നിന്നു പണം പിരിച്ചെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ജില്ലാ പാലക്കാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ അറിയിച്ചു. പണപിരിവ് നടന്നതായി പുതുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ഇതിനായി പാലക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ പി ഷൺമുഖനെ ചുമതലപ്പെടുത്തിയതായും ജില്ലാ രജിസ്ട്രാരുടെ ഒാഫീസ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടെങ്കിൽ റിപ്പോർട്ട് നൽകാൻ എല്ലാ അസിസ്റ്റന്റ് രജിസ്ട്രാർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇടത് ഭരണസമിതി ഭരിക്കുന്ന ബാങ്കുകൾക്കെതിരെയാണ് പരാതി. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ പേരിലാണു പണപ്പിരിവ്. ആരുടെയും പേര് രസീതിലില്ലെന്നതും ശ്രദ്ധേയമാണ്. 100 രൂപയാണ് ഇത്തരത്തിൽ പിരിച്ചിട്ടുള്ളത് എന്നാൽ പിരിച്ച പണം എങ്ങനെ വിനിയോഗിക്കുമെന്നും വ്യക്തമല്ല. ഒറ്റപ്പാലത്തും എലപ്പുളളിയിലും കൂപ്പണ്‍ നല്‍കാതെ പോലും പണം പിരിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.

അതിനിടെ, വനിതാ മതിലിനായി ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയ സംഭവത്തില്‍ വിശദീകരണ വീഡിയോയും പ്രചരിക്കുന്നുണ്ട്. സിപിഎം പാലക്കാട് ഡിസ്ട്രിക്ട് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പെൻഷൻ കാരുടെ പ്രതികരണം എന്ന പേരിൽ വീഡിയോ പുറത്തുവന്നത്. നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്നും പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ പ്രതികരണമെടുത്തതെന്നുമാണ് വീഡിയോയിലെ അവകാശവാദം.

ഒറ്റപ്പാലം, ആലത്തൂര്‍, കൊടുവായൂര്‍, കുഴല്‍മന്ദം എന്നിവിടങ്ങളിലും കൂപ്പണ്‍ നല്‍കിയും ഇല്ലാതെയും ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് ഇപ്പോഴും പിരിവ് തുടരുകയാണെന്നും ആരോപണം ഉയരുന്നുന്നുണ്ട്. പാലക്കാട് കോ ഒാപ്പറേറ്റീവ് പ്രസിലാണ്  കൂപ്പണുകള്‍ അച്ചടിച്ചതെന്നാണ് പറയുന്നത്.

വനിതാമതിലിന്റെ പേരില്‍ കുട്ടനാട്ടിലെ പ്രളയബാധിതരായ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പ നിഷേധിക്കുന്നതായാണ് ആലപ്പുഴയിൽ നിന്നുള്ള പരാതി. വനിതാമതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് കൊടുത്തില്ല എന്ന കാരണത്താല്‍ കൈനകരിയിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീയിലെ അംഗങ്ങൾ‌ക്ക് പലിശ രഹിത വായ്പക്കുള്ള അപേക്ഷയിൽ സിഡിഎസ് ചെയര്‍പേഴ്സന്‍ ഒപ്പുവച്ചില്ലെന്നാണ് ആരോപണം. വനിതാ മതിലിന് പങ്കെടുക്കുന്നവരുടെ ലിസ്റ്റ് കൊടുക്കാന്‍ തയ്യാറാകാത്തതാണ് നടപടിക്ക് പിന്നിലെന്നാണ് ശ്രീദുര്‍ഗ്ഗ കുടുംബശ്രീ സെക്രട്ടറി യുടെ വിശദീകരണം. ഡിസംബര്‍‍ 31ന് മുമ്പ് അപേക്ഷ ബാങ്കിൽ നൽകാനായില്ലെങ്കിൽ പ്രളയ ദുരിതാശ്വാസത്തിനുള്ള ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും അവർ പറയുന്നു.

എന്നാൽ വനിതാ മതിൽ വിഷയമല്ല കുടുംബശ്രീകള്‍ തമ്മിലുള്ള പ്രശ്നമാണ് അപേക്ഷ ഒപ്പുവയ്ക്കാത്തതിന്റെ പിന്നിലെന്ന് സിഡിഎസ് ചെയര്‍പേഴ്സണും പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രതികരണം. വിഷയത്തിൽ അടിയന്തിരമായി കുടുംബശ്രീ ഗ്രൂപ്പുകളുടെ യോഗം വിളിച്ച് ചേര്‍ത്ത് വായ്പ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അവർ പറയുന്നു.

വനിതാ മതിലിൽ പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ പിരിച്ചുവിടുമെന്ന് കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഭീഷണിമുഴക്കിയെന്നാണ് മലപ്പുറത്ത് നിന്നുള്ള ആരോപണം. അയല്‍ക്കൂട്ടങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവും, പരിപാടിയിൽ പങ്കെടുക്കാത്തവര്‍ക്ക് തുടർന്ന് ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ് സന്ദേശത്തിലെ ഭീഷണി. പ്രൊജക്ട് അസിസ്റ്റന്‍റ് ഓഫീസര്‍ വിനോദിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും  സിഡിഎസ് ചെയർ പേഴ്സൺ പ്രേമലതയുടെ പേരിലുള്ള സന്ദേശം പറയുന്നു.

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സിഡിഎസ് ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും പക്ഷ പാതപരമായി പ്രവർത്തിക്കുന്നെന്നും ഇരുവരും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നിറമരുതൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

എന്നാൽ, ആരോപണം സംബന്ധിച്ച് പരാതി ലഭിച്ചതായി നിറമരുതുർ പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു. വാർഡ് കൗൺസിലർ ഷെറീഫ് നൽകിയ പരാതി ഭരണ സമിതിയുടെ പരിഗണയ്ക്ക് വിട്ടതായും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു. അതിനിടെ ശബ്ദ സന്ദേശത്തിൽ പറയുന്ന തരത്തിൽ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ആരോപണത്തിൽ കുടുംബശ്രീയുടെ വിശദീകരണം. വിഷത്തിൽ പഞ്ചായത്ത് സിഡിഎസി ചെയർ‌ പേഴ്സണിൽ നിന്നും വിശദീകരണം തേടിയതായും കുടുംബശ്രീ ജില്ലാ മിഷനും പറയുന്നു.

വനിതാമതിലിൻ ആണിചേരാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് സർക്കാരിന് കീഴിലെ വിവിധ വകുപ്പ് മേധാവിമായി ഉത്തരവിറക്കിയത് വിവാദത്തിന് പിറകെയാണ് വിവിധ ഇടങ്ങളിലെ വിവാദം.  കോളജ് വിദ്യാഭ്യാസ വകുപ്പ്, ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റ് തുടങ്ങിയവയിലെ വനിതാ ജീവനക്കാർ വനിതാ മതിലിന്റെ ഭാഗമാവണമെന്നാരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലർ. എന്നാൽ സർക്കുലർ ഉത്തരവിന്റെ സ്വഭാവമില്ലാത്തതും നിർദേശത്തിന്റെ രീതിയിലുമാണ്. വനിതാ മതിൽ സംഘാടനത്തിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശവും വിവാദത്തിനിടായാക്കിയിരുന്നു.

 

“ഞാന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി അഞ്ചു മിനുട്ടാകുന്നതിനു മുമ്പേ സംഘപരിവാറുകാരും അവിടെയെത്തി; ഈ വിവരമൊക്കെ എവിടെ നിന്നാണ് ചോരുന്നത്?”

ആ സ്ത്രീകളുടെ വിരൽത്തുമ്പിലെ മഷി പറഞ്ഞില്ലെങ്കിൽ പിന്നെ കടകംപള്ളിയുമില്ല, പിണറായിയുമില്ല

This post was last modified on December 28, 2018 6:07 pm