X

തിരിച്ചടിയിൽ ഇന്ത്യ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട യൂസഫ് അസ്ഹർ ആരാണ്?

1999ൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ കേസില്‍ ഉൾപ്പെടെ പങ്കാളിയായ വ്യക്തിയാണ് യുസഫ് അസ്ഹർ എന്ന മുഹമ്മദ് സലീം.

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ജയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കേന്ദ്രം തകർത്ത് പ്രത്യാക്രമണം നടത്തിയതായി ഇന്ത്യ സ്ഥരീകരിച്ചു. ആക്രമണത്തിൽ നിരവധി ജയ്ഷെ മുഹമ്മദിന്റെ പ്രവർത്തകർ കൊല്ലപ്പെട്ടതായും ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ആവകാശപ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിന് ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

എന്നാൽ ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ മുൻ നിര നേതാക്കളിൽ ഒരാളും മസൂദ് അസ്ഹറിന്റെ ബന്ധുവുമായ യുസഫ് അസ്ഹർ കൊല്ലപ്പെട്ടതായും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബലാക്കോട്ടയ്ക്ക് സമീപത്തെ ജനവാസമില്ലാത്ത കുന്നിൻ മുകളിലെ ക്യാംപാണ് വ്യോമസേന തകർത്തതെന്നും വിദേശകാര്യ സെക്രട്ടറി പറയുന്നു.

ജയ്ഷെ മുഹമ്മദിന് മസൂദ് അസ്ഹറിനെ പോലെ തന്നെ പ്രധാനിയാണ് യുസഫ് അസ്ഹർ എന്ന ഉസ്താദ് ഗുഹാരിയും. ഇന്ത്യയിൽ തടവിലായിരുന്നു മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിനായി 1999ൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ കേസില്‍ ഉൾപ്പെടെ പങ്കാളിയായ വ്യക്തിയാണ് യുസഫ് അസ്ഹർ എന്ന മുഹമ്മദ് സലീം. പാക്കിസ്താനിലുള്ള ഭീകരെന്ന് ചൂണ്ടിക്കാട്ടി 2002ൽ ഇന്ത്യ കൈമാറിയ പട്ടികയിലും യൂസഫ് അസ്ഹറിന്റെ പേരുണ്ടായിരുന്നു.

വിമാന റാഞ്ചൽ‌ ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യുസഫ് അസ്ഹറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യപ്പെട്ട് സിബിഐ ഇന്റർ പോളിനെ സമീപിക്കുകയും ചെയ്തിരുന്നു. നോട്ടീസ് പ്രകാരം പാക്കിസ്താനിലെ കറാച്ചിയിൽ ജനിച്ച വ്യക്തിയാണ് യുസഫ് അസ്ഹർ. ഉറുദു ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്ന ഇയാൾ തട്ടിക്കൊട്ടുപോവൽ, കൊലപാതകം, റാഞ്ചൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

This post was last modified on February 26, 2019 7:18 pm