X

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ കുമ്മനം രാജ്യസഭ വഴി കേന്ദ്ര മന്ത്രിയാകുമോ? പരിസ്ഥിതി വകുപ്പ് നല്‍കാന്‍ ആലോചന

രാജ്യസഭാംഗമായ വി മുരളീധരനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കാം. പാര്‍ട്ടിയുടെ മറ്റൊരു രാജ്യസഭാംഗമായ, തൃശൂരില്‍ പരാജയപ്പെട്ട സുരേഷ് ഗോപിയും മന്ത്രി സ്ഥാനത്തിന് പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയായേക്കും എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി മന്ത്രിസഭയില്‍ ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച ചര്‍ച്ച സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രമുള്ളപ്പോളും തുടരുകയാണ്. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിന് നല്‍കുന്നതിനെ പറ്റി ബിജെപി നേതൃത്വം ആലോചിക്കുന്നതായി മനോരമ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും രാജ്യസഭ വഴി കുമ്മനത്തെ മന്ത്രിയാക്കാനാണ് ആലോചന.

രാജ്യസഭാംഗമായ വി മുരളീധരനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കാം. പാര്‍ട്ടിയുടെ മറ്റൊരു രാജ്യസഭാംഗമായ, തൃശൂരില്‍ പരാജയപ്പെട്ട സുരേഷ് ഗോപിയും മന്ത്രി സ്ഥാനത്തിന് പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. അതേസമയം തൃശൂരില്‍ 2,92,822 വോട്ട് നേടി മികച്ച പ്രകടനമാണ് സുരേഷ് ഗോപി നടത്തിയത് എന്ന കാര്യം ദേശീയ നേതൃത്വം അവഗണിക്കുന്നില്ല. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനേക്കാള്‍ 1,91,141 വോട്ടാണ് തൃശൂരില്‍ ബിജെപി വര്‍ദ്ധിപ്പിച്ചത്. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണ വി മുരളീധരന് ഗുണം ചെയ്‌തേക്കാം.

ALSO READ: രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആരായിരിക്കും?

ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തിലടക്കം സജീവമായി ഉണ്ടായിരുന്ന കുമ്മനം രാജേഖരന് പരിസ്ഥിതി വകുപ്പ് നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്ന് പറയുമ്പോള്‍ കേരളത്തിലെ ക്വാറികള്‍ അടക്കമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടല്‍ ശക്തമാക്കി ജനസ്വീകാര്യത നേടാന്‍ ശ്രമിക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. പശ്ചിമഘട്ട മേഖലയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് താല്‍പര്യം കാണിക്കാത്ത ബിജെപി കേരളത്തില്‍ മാത്രം റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് പിന്നില്‍ വ്യക്തമായ ധ്രുവീകരണ രാഷ്ട്രീയ താല്‍പര്യമുള്ളതായി വിലയിരുത്തപ്പെടുന്നു.

This post was last modified on May 28, 2019 10:33 pm