X

യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്ത നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; സ്വേച്ഛാധിപത്യമെന്ന് കമല്‍ഹാസന്‍

അറസ്റ്റ് ചെയ്ത പോലീസ് കയ്യേറ്റം ചെയ്തതായും, ഫോണുള്‍പ്പെടെയുള്ളവ പിടിച്ചെടുത്തെന്നും യാദവ് ആരോപിച്ചിരുന്നു

സേലം-ചെന്നൈ അതിവേഗ പാതയ്‌ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനാനെത്തിയ യോഗേന്ദ്രയാദവിനെ അസ്റ്റ് ചെയ്ത തമിഴ്‌നാട് പോലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ വച്ച് ഇന്നലെയാണ് എഎപി മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ  യോഗേന്ദ്രയാദവിനെ അറസ്റ്റ് ചെയ്തത്. നാലുമണിക്കൂറോളം യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയില്‍ വച്ചു. സമരത്തെ പിന്തുണണച്ച് തമിഴ് സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയതിന് പിറകെയായിരുന്നു യോഗേന്ദ്രയാദവ് തമിഴ്‌നാട്ടിലെത്തിയത്.

സമരക്കാര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടേക്ക് പോയത്. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനും കാര്യങ്ങള്‍ പഠിക്കുന്നതിനുമാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്ത പോലീസ് കയ്യേറ്റം ചെയ്തതായും, ഫോണുള്‍പ്പെടെയുള്ളവ പിടിച്ചെടുത്തെന്നും യാദവ് ആരോപിച്ചു.

അതേസമയം, യോഗേന്ദ്ര യാദവിനെ തമിഴ്‌നാട്ടില്‍ കസ്റ്റഡിയില്‍ എടുത്ത നടപടി സ്വേച്ഛാധിപത്യപരമാണെന്നും അതു വിമര്‍ശിക്കപ്പെടുകയും അപലപിക്കേണ്ടതുമാണെന്നും തെന്നിന്ത്യന്‍ താരവും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. അദ്ദേഹത്തെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു കമലിന്റെ പ്രതികരണം. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് മറ്റൊരു സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകന്‍ ഇവിടെയെത്തിയത്. എന്നാല്‍ ഇത്തരക്കാരെ തടഞ്ഞുവയ്ക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തെ തടയുന്നനടപടിയാണ്. ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെനനും കമല്‍ഹാസന്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

This post was last modified on September 9, 2018 11:47 am