പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ച് തകര്‍ത്തു. ഇന്നു പുലര്‍ച്ചെ 1.20 ഓടെയായിരുന്ന സംഭവം. ട്രിച്ചി-ദുബായ് ബോയിങ് ബി 737 800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 130 യാത്രക്കാരുമായി പറന്നുയരുന്നതിനിടേയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി.
വിമാനം അപകടത്തില്‍പ്പെട്ട വിവരം വിമാനത്താവള അധികൃതര്‍ പൈലറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിമാനം മൂംബൈയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. മൂംബൈയില്‍ വിമാനം ഇറക്കി യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരുഭാഗം തകര്‍ന്നു. വിമാനത്താവളത്തിലെ ആന്റിനയും മറ്റ് ഉപകരണങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റും വിമാനത്താവള അധികൃതരും അന്വേഷണം ആരംഭിച്ചു. പൈലറ്റ് ഉള്‍പ്പടേയുള്ളവരെ അന്വേഷത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. സംഭവത്തില്‍ പൈലറ്റിനെയും സഹപൈലറ്റിനെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Leave a Comment