തൊഴിലിടങ്ങളിലും മറ്റ് ഇടങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ അനുഭവിച്ചവരുടെ തുറന്നു പറച്ചില്‍ വേദിയായ മീ ടു കാമ്പെയ്‌നിംഗിനെ പരിഹസിച്ച് നടിയും മോഡലുമായ റോസിന്‍ ജോളി രംഗത്ത്. മീ ടൂവില്‍ തുറന്നു പറയുന്നുവെന്ന രീതിയിലാണ് റോസിന്‍ ജോളിയുടെ പോസ്റ്റെങ്കിലും താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചല്ല ഇവര്‍ പറയുന്നത്.
മറിച്ച് പണം കടം വാങ്ങിയിട്ട് തിരിച്ചുതരാത്തവരെ കുറിച്ചാണ് റോസിന്‍ പറയുന്നത്. തിരികെ തരാമെന്ന് ഉറപ്പ് പറഞ്ഞ് നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരെ ഒരു മീ ടൂ മൂവ്‌മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണെന്ന് റോസിന്‍ പറയുന്നു.
‘പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം, അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്തുവിടും.’ റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടൊപ്പം ഒരു സ്‌മൈലി ഇമോജി ഇട്ട് തന്റെ തമാശ വ്യക്തമാക്കാനും റോസിന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ മീ ടൂ കാമ്പെയ്‌നിംഗിലൂടെ മുന്നോട്ട് വയ്ക്കുന്ന വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളയുന്നതാണ് റോസിന്റെ പോസ്‌റ്റെന്ന് ആരോപണം ഉയര്‍ന്നു. ഇതോടെ ഇവര്‍ പോസ്റ്റ് മുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാഷ്ട്രീയം, സിനിമ, മാധ്യമം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വന്ന മീ ടൂ കാമ്പെയ്‌നിനെ ഇന്ത്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകളും ഏറ്റുപിടിച്ചിരുന്നു. നടനും എംഎല്‍എയുമായ മുകേഷ് ആണ് മലയാളത്തില്‍ ആരോപണ വിധേയനായ പ്രമുഖന്‍.
This post was last modified on October 12, 2018 7:31 pm
Leave a Comment