X

31 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി സി38 റോക്കറ്റ് വിക്ഷേപണം വിജയം

വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എല്‍.വി 38-ന്റേത്

31 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്എല്‍വി സി38 റോക്കറ്റ് വിക്ഷേപണം വിജയം. പിഎസ്എല്‍വി സി38 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങിളില്‍ ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തെ ഉപഗ്രഹം ഉള്‍പ്പെടും. രാവിലെ 9.29-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ഒന്നാം ലോഞ്ചിംഗ് പാഡില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇവിടുനിന്നുള്ള അറുപതാം ദൗത്യമാണിത്.

വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എല്‍.വി 38-ന്റേത്. കാര്‍ട്ടോസാറ്റ് കൂടാതെ ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നിവ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ള 29 ഉപഗ്രഹങ്ങളും നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവുമാണ് പിഎസ്എല്‍.വി-യുടെ നാല്‍പ്പതാം ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയത്.

നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒ-ക്ക് കഴിഞ്ഞു. 505 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹങ്ങളെ റോക്കറ്റ് എത്തിച്ചത്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയും. 23.18 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാകും.