X

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലെ കാലതാമസത്തിനെതിരെ മുഖ്യമന്ത്രി

മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ലെന്നും പിണറായി വിജയന്‍

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലെ കാലതാമസത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയിലെ ദമാമില്‍ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇടപെട്ടപ്പോഴാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്.

പ്രകാശിന്റെ മൃതദേഹം നാളെ രാവിലെ 9.30ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരില്‍ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കാത്ത വിഷയം അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ സുര്‍ജിത് സിങ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

പ്രവാസികള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ എടുക്കണമെന്നും താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

This post was last modified on July 9, 2017 2:43 pm