X

രാത്രിയില്‍ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ചൈനീസ് നിര്‍മ്മിത ഡ്രോണ്‍; ഒരാള്‍ കസ്റ്റഡിയില്‍

പോലീസ് നടത്തിയ തിരച്ചിലില്‍ ഡ്രോണിന്റെ ഉടമസ്ഥന്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍. വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തായി അര്‍ദ്ധ രാത്രിയോടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് സിഐഎസ്എഫ് ഡ്രോണിനെ നിയന്ത്രണത്തിലാക്കി പോലീസിന് കൈമാറി. പോലീസ് നടത്തിയ തിരച്ചിലില്‍ ഡ്രോണിന്റെ ഉടമസ്ഥന്‍ ശ്രീകാര്യം സ്വദേശി നൗഷാദിനെ പിടികൂടുകയായിരുന്നു.

വിദേശത്തുള്ള ബന്ധു സമ്മാനിച്ചതാണ് ഈ ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ എന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞത്. ഡ്രോണിന്റെ റിമോര്‍ട്ടും പോലീസ് നൗഷാദില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് നൗഷാദ് സമ്മതിച്ചായും മുമ്പും ഇയാള്‍ ഈ പരിസരത്ത് ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പോലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് ആസ്ഥാനത്തിന്റെയും വിമാനത്താവളത്തിന്റെയും വിക്രം സാരാഭായ് സെപെയ്‌സ് സെന്ററലെയും പരിസരങ്ങളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡ്രോണുകള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കിയും അനധികൃത ഡ്രോണുകളെ പിടികൂടാന്‍ ‘ഓപ്പറേഷന്‍ ഉടാന്‍’ എന്ന പദ്ധതിയും പോലീസ് തയ്യാറാക്കി.

ഇതിന്റെ ഭാഗമായി നടന്ന് തിരച്ചിലില്‍ നഗരത്തില്‍ നിന്ന് രജിസ്‌ട്രേഷനില്ലാത്ത 24 ഡ്രോണുകളാണ് പോലീസ് പിടിച്ചെടുത്തത്. 250 ഗ്രാമിന് താഴെ ഭാരമുള്ള നാനോ ഡ്രോണുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കും. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനമായി കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

This post was last modified on March 31, 2019 7:07 am