X

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

നേരത്തെ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നീതി ആയോഗ് ശുപാര്‍ശ ചെയ്തിരുന്നു

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ പ്രക്രിയ ഏറ്റവും അടുത്തു തന്നെ ആരംഭിക്കാനും മികച്ച കരാര്‍ നേടാനുമുള്ള നടപടിയിലാണെന്നും ഹര്‍ദീപ് സിംഗ് വ്യക്തമാക്കി.

എയര്‍ ഇന്ത്യയ്ക്കായിട്ടുള്ള ബദല്‍ സംവിധാനത്തിന്റെ ആദ്യ യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉടന്‍ നടക്കുമെന്നും പരഞ്ഞ ഹര്‍ദീപ് സിംഗ്, ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, കാര്യങ്ങള്‍ വേഗത്തിലാക്കുമെന്നും വെളിപ്പെടുത്തി.

നേരത്തെ എയര്‍ ഇന്ത്യ 76 ശതമാനം ഓഹരികള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൂറ് ശതമാനം ഓഹരികളും സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നീതി ആയോഗ് ശുപാര്‍ശ ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളില്‍ സര്‍ക്കാര്‍ വിമാന സര്‍വീസ് നഷ്ടത്തിലായപ്പോള്‍ ഇതേ മാതൃക തന്നെ സ്വീകരിച്ച് ലാഭത്തിലായി എന്നാണ് നീതി ആയോഗ് പറയുന്നത്.

ബ്രിട്ടീഷ് എയര്‍വെയ്സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ആസ്ട്രിയന്‍ എയര്‍ തുടങ്ങിയ പല രാജ്യങ്ങുടെയും സര്‍വ്വീസുകള്‍ നഷ്ടത്തിലായതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികള്‍ വിറ്റഴിച്ച് കമ്പനി സ്വകാര്യവത്കരിക്കുകയും പിന്നീടത് ലാഭത്തിലാവുകയും ചെയ്തിരുന്നുവെന്നാണ് നീതി ആയോഗ് ചൂണ്ടി കാട്ടുന്നത്.

 

Read: “ഇന്ന് ചെയ്തില്ലെങ്കില്‍ ഇനിയില്ല…”; സീറോ കാര്‍ബണ്‍ റേസിംഗ് ബോട്ടില്‍ അറ്റ്ലാന്റിക് കടന്ന് ന്യൂയോര്‍ക്കിലെത്തിയ പതിനാറുകാരി ഗ്രെറ്റ പറഞ്ഞു

This post was last modified on August 29, 2019 8:15 pm