X

കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദിനെക്കുറിച്ചുള്ള 11 വീഡിയോകള്‍ യൂടൂബ് നീക്കം ചെയ്തു

ഓരോ രാജ്യത്തെയും അധികൃതരില്‍ നിന്ന് നിയമപരമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ ഉള്ളടക്കം നീക്കുകയെന്ന് തങ്ങളുടെ നയമാണെന്നാണ് ഗൂഗിള്‍ പ്രതികരിച്ചിരിക്കുന്നത്.

പാകിസ്താന്റെ പിടിയിലകപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട 11 വീഡിയോകള്‍ യൂടൂബ് നീക്കം ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് വിവരസാങ്കേതിക മന്ത്രാലയം വഴി യൂടൂബിന് ഈ നിര്‍ദ്ദേശം നല്‍കിയത്.വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഈ വീഡിയോകള്‍ യൂടൂബ് ഇതിനകം നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അധികൃതരുടെ നിര്‍ദ്ദേശപ്രകാരം തങ്ങള്‍ ലിങ്കുകള്‍ നീക്കം ചെയ്തു കഴിഞ്ഞതായി ഗൂഗിള്‍ വക്താവ് അറിയിച്ചതായി ടൈംസ് നൗ വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും അധികൃതരില്‍ നിന്ന് നിയമപരമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ ഉള്ളടക്കം നീക്കുകയെന്ന് തങ്ങളുടെ നയമാണെന്നാണ് ഗൂഗിള്‍ പ്രതികരിച്ചിരിക്കുന്നത്.

പാകിസ്താന്‍ ഇന്ത്യക്കു നേരെ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് അഭിനന്ദന്‍ വര്‍ധമാന്‍ എന്ന വൈമാനികന്‍ പാകിസ്താന്റെ പിടിയിലകപ്പെട്ടത്. ഇദ്ദേഹത്തെ നാട്ടുകാര്‍ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും, പാക് ഓഫീസര്‍മാര്‍ കണ്ണ് കെട്ടിയിട്ട് ചോദ്യം ചെയ്യുന്നതുമായ വീഡിയോകള്‍ പാക് മാധ്യമങ്ങളും അന്തര്‍ദ്ദേശീയ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു.

This post was last modified on March 1, 2019 8:18 am