X

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസ്

ശ്രീറാം 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ശ്രീറാമിനെതിരെ സര്‍ക്കാര്‍ വകുപ്പ് തല നടപടിയുടെ ഭാഗമായിട്ടാണിത്. ശ്രീറാം 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരമാണ് ശ്രീറാമിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ഓഗസ്റ്റ് മൂന്ന് അര്‍ധരാത്രി ശ്രീറാം മദ്യപിച്ച് അമിത വേഗതയില്‍ സഞ്ചരിച്ച് കെ എം ബഷീറിന്റെ ബൈക്കില്‍ ഇടിപ്പിക്കുകയും തുടര്‍ന്ന് ബഷീര്‍ തെറിച്ചു പോവുകയും ചെയ്തു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു. സംഭവ സമയത്ത് ശ്രീറാം മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് ഉള്‍പ്പടെയുള്ള പല കാര്യങ്ങളും പോലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തിയിരുന്നു.

Read: ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം