X

പ്രളയത്തില്‍ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കോട്ടൂരില്‍ സുരക്ഷിത

ആനക്കൂട്ടങ്ങള്‍ കൂടെ കൂട്ടുന്നില്ല എന്ന് കണ്ടതിനാലാണ് ആനക്കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്.

പ്രളയത്തില്‍ പുഴയിലൂടെ ഒഴുകിയെത്തിയ രണ്ടു മാസം പ്രായമുള്ള ആനക്കുട്ടി കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തിന് സ്വന്തം. ഇവിടുത്തെ മറ്റ് ആനക്കുട്ടികള്‍ക്കൊപ്പം ആനപരിപാലന കേന്ദ്രത്തിലെ ഓമനയായി ഇവള്‍ കഴിയും. ശനിയാഴ്ച രാവിലെ നിലമ്പൂരില്‍നിന്നും കോട്ടൂരെത്തിച്ച ആനക്കുട്ടിയെ കുട്ടിയാനകള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക കൂട്ടിലേക്ക് മാറ്റി.

വളരെ പെട്ടെന്നുതന്നെ ഇവിടവുമായി ഇണങ്ങിക്കഴിഞ്ഞു ആനക്കുട്ടി. വെറ്റിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ആനക്കുട്ടിയുടെ ദിനചര്യകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ ആനക്കുട്ടിയുടെ വരവോടെ കോട്ടൂരെ കുട്ടിയാനക്കൂട്ടം ഇപ്പോള്‍ ആറായി.

കഴിഞ്ഞ 14നാണ് നിലമ്പൂരിലെ കരിമ്പുഴ ഭാഗത്തുനിന്ന് ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. ഒഴുക്കില്‍പ്പെട്ട് എങ്ങനെയോ കരയ്ക്ക് കയറിയ നിലയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ആദ്യം ആനക്കുട്ടിയെ കാട്ടിലേയ്ക്ക് തന്നെ കയറ്റി വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആനക്കൂട്ടങ്ങള്‍ കൂടെ കൂട്ടുന്നില്ല എന്ന് കണ്ടതിനാലാണ് ആനക്കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്. കോട്ടൂര്‍ആനപുനരാധിവാസ കേന്ദ്രത്തില്‍ ആകെ ഇപ്പോള്‍ 19 ആനകളാണ് ഉള്ളത്.

ആലിമൂലയും വിലങ്ങാട് അങ്ങാടിയും പോയി, വാണിമേലില്‍ ഇനി താമസിക്കാനില്ല; ആളും അനക്കവുമില്ലാതിരുന്ന മലമ്പ്രദേശത്തെ വാസയോഗ്യമാക്കിയെടുത്ത മനുഷ്യര്‍ തിരിച്ച് മലയിറങ്ങുകയാണ്

 

 

This post was last modified on August 25, 2019 9:40 am