X

യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയത് ചോദ്യം ചെയ്തു; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ അടിയേറ്റ് ചെവിക്ക് പരിക്കേറ്റെന്ന് അധ്യാപകന്‍

യൂണിഫോം ഇടാതെ വന്നതിന് തന്നെ ചീത്തവിളിച്ചെന്നും ഈ സ്‌കൂളില്‍ നീയിനി പഠിക്കില്ലെന്ന് പറഞ്ഞ് വെല്ലുവിളിച്ചെന്നും അധ്യാപകര്‍ തന്നെ മര്‍ദിച്ചെന്നും വിദ്യാര്‍ഥി പോലീസിന് മൊഴിനല്‍കി.

യൂണിഫോം ധരിക്കാതെ ക്ലാസിലെത്തിയത് ചോദ്യം ചെയ്തതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ അടിയേറ്റ് പരിക്കേറ്റന്ന് അധ്യാപകന്‍. കുമളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ ഭൂമിശാസ്ത്ര അധ്യാപകനായ എസ് ജയദേവിന് ചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയദേവ് നല്‍കിയ പരാതിയില്‍ പറയുന്നത്, ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയ അബിന്‍ എന്ന വിദ്യാര്‍ഥി ക്ലാസില്‍ ഉണ്ടായിരുന്നു. ഈ സമയം ക്ലാസിലെത്തിയ ജയദേവ് സ്‌കൂള്‍ യൂണിഫോം ഇടാതെ വന്നതെന്താണെന്ന് ചോദിച്ചു.

തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കത്തിലാവുകയും ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയും ചെയ്തു.ക്ലാസിനു വെളിയിലേക്ക് അബിനെ ഇറക്കിവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെവി ചേര്‍ത്ത് മുഖത്ത് ആഞ്ഞടിച്ചുവെന്നും കൈയിലുണ്ടായിരുന്ന ഇരുമ്പ് വള ഉപയോഗിച്ച് വയറിനിടിച്ചു.

കുട്ടികളുടെ ബഹളം കേട്ട് സ്റ്റാഫ് റൂമില്‍ നിന്ന് ഓടിയെത്തിയ അധ്യാപകര്‍ അബിനെ പിടിച്ചുമാറ്റുകയും തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു എന്നുമാണ്.

അതേസമയം യൂണിഫോം ഇടാതെ വന്നതിന് തന്നെ ചീത്തവിളിച്ചെന്നും ഈ സ്‌കൂളില്‍ നീയിനി പഠിക്കില്ലെന്ന് പറഞ്ഞ് ജയദേവ് വെല്ലുവിളിച്ചെന്നും അധ്യാപകര്‍ തന്നെ മര്‍ദിച്ചെന്നും അബിന്‍ പോലീസിന് മൊഴിനല്‍കി.

This post was last modified on March 6, 2019 8:51 am