X

ഈ ചാനലില്‍ പ്രവര്‍ത്തിച്ചതോര്‍ത്തു ലജ്ജിക്കുന്നു; റിപ്പബ്ലിക് ചാനലില്‍ നിന്നും രാജിവച്ച മാധ്യമപ്രവര്‍ത്തക പറയുന്നു

ആ കൊലപാതാകത്ത ചോദ്യം ചെയ്യുന്നതിന് പകരം നിങ്ങള്‍ പ്രതിപക്ഷത്തെയാണ് ആക്രമിക്കുന്നു

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ റിപ്പബ്ലിക് ചാനല്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക രാജിവച്ചു. റിപ്പബ്ലിക് ചാനലില്‍ ന്യൂസ് കോര്‍ഡിനേറ്റര്‍ ആയിരുന്ന സുമാന നന്ദിയാണ് ജോലി രാജിവച്ചത്.

മാധ്യമപ്രവര്‍ത്തനത്തിലെ ചെറിയ കാലയളവില്‍ തന്നെ ഇത്തരമൊരു ചാനലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ അതോര്‍ത്ത് താനിന്ന് ലജ്ജിക്കുകയാണ്. ഒരു സ്വതന്ത്ര വാര്‍ത്താ സംഘടന ഒരു സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ബിജെപി ആര്‍എസ്എസ് സംഘടനകളില്‍ നിന്നും ഭീഷണിയുണ്ടായി ദിവസങ്ങള്‍ക്കകം ഒരു മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടിട്ടും ആ കൊലപാതാകത്ത ചോദ്യം ചെയ്യുന്നതിന് പകരം നിങ്ങള്‍ പ്രതിപക്ഷത്തെയാണ് ആക്രമിക്കുന്നു. ഇതില്‍ എവിടെയാണ് സത്യസന്ധതയെന്നും നമ്മള്‍ എവിടേക്കാണ് പോകുന്നതെന്നുമാണ് സുമാന ചോദിക്കുന്നു.

ചില മാധ്യമപ്രവര്‍ത്തകര്‍ ഇത് ആഘോഷിക്കുന്നത് കണ്ടു. ഇത് തന്നെയാണ് സൗദി അറേബ്യയിലും നോര്‍ത്ത് കൊറിയയിലും നടക്കുന്നതെന്ന് സമ്മതിക്കുന്നു. ഇത്തരം രാജ്യങ്ങളിലെ കൊലപാതകങ്ങളെല്ലാം നമ്മള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് അതിവന്റെ ആത്മാവിനെ വില്‍ക്കുകയാണ്. ഞങ്ങള്‍ നിങ്ങളെ പരാജയപ്പെടുത്തി മാം എനിക്കറിയാവുന്നിടത്തോളം നിങ്ങള്‍ ഇതിലും ഉയര്‍ന്ന സ്ഥാനത്ത് എത്തേണ്ടിയിരുന്നവരാണ്.

റിപ്പബ്ലിക് ടിവി എന്ന ഓര്‍ഗനൈസേഷനില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം പോലും എന്റെ സിവിയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമില്ല. ഇത്രയും പരുഷമായ ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും സുമാന നന്ദി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നായിരുന്നു റിപ്പബ്ലിക് ചാനല്‍ കണ്ടെത്തിയത്. സ്വത്ത് തര്‍ക്കമോ മാവോയിസ്റ്റ് വേട്ടയോ ആണ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

This post was last modified on September 7, 2017 9:11 pm