X

“മാന്യമല്ലാത്ത ജീൻസ് വേണ്ട, ചുരിദാറോ സാരിയോ ധരിക്കൂ”; അവതാരകയ്ക്ക് ബിജെപിക്കാരിയായ നടി മൗഷുമി ചാറ്റർജിയുടെ ‘ഉപദേശം’

ഭാരതത്തിന്റെ അന്തസ്സ് പ്രദർശിപ്പിക്കേണ്ടത് മാന്യമായ വസ്ത്രം ധരിച്ചാണ്, പെൺകുട്ടികൾ ട്രൗസർ അണിഞ്ഞ ക്ഷേത്രങ്ങളിൽ പോകുന്നതൊന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരം.

“അമ്മ പറയുന്നതാണെന്ന് വിചാരിക്കൂ, മോളെ മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കരുത് നമുക്ക് ഒരു മഹത്തായ സംസ്കരമില്ലേ, ലോകത്തിനു മുൻപിൽ നമ്മൾ മാതൃക ആകേണ്ടവരല്ലേ, ഈ പ്രായത്തിൽ മോഡേൺ ആയി വസ്ത്രം ധരിക്കാനൊക്കെ തോന്നും, സ്വാഭാവികമാണ് പക്ഷെ അന്തസ്സും സഭ്യതയും വിട്ട് കളിക്കരുതേ …” പഴയകാല ഹിന്ദി നടി  മൗഷുമി ചാറ്റർജിയുടെ ഈ ‘അമ്മ’ ഉപദേശികളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ  ആയത്. ഒരു പരിപാടിക്കിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ അവതാരികയ്ക്ക് സൗജന്യമായി കൊടുത്ത ഈ ഉപദേശങ്ങൾ ആദ്യം കയ്‌ച്ചെന്നു മാത്രമല്ല, പിന്നീട് ഒട്ട് മധുരിച്ചതുമില്ല. സംഭവം കൈവിട്ട് പോയിട്ടും നടി കുലുങ്ങിയില്ല. ഒരു ഭാരത സ്ത്രീയെന്ന നിലയിൽ തനിക്ക് ഇതൊക്കെ പറയാൻ അവകാശം ഉണ്ടെന്ന് തന്നെയാണ് നടിയുടെ വിശ്വാസം.

അടുത്ത കാലത്ത് ബിജെപിയിലേക്ക് രംഗപ്രവേശനം നടത്തിയ ചാറ്റർജി മറ്റ് രാഷ്ട്രീയ പ്രവർത്തകരോടൊപ്പം സൂറത്തിൽ എത്തിയതായിരുന്നു. രംഗം വഷളായെന്നു കണ്ടപ്പോൾ “ഞാൻ പറഞ്ഞത് ഉൾക്കൊള്ളാൻ പറ്റില്ലെങ്കിൽ ക്ഷമിക്കണം എനിക്ക് പറയാതിരിക്കാനാവില്ല, മോളെ പോലെ കരുതിയാണ് ഞാൻ പറയുന്നതെന്നൊക്കെയായി” ചാറ്റർജിയുടെ വാദം. ക്ഷേത്രങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളിൽ പോകുമ്പോൾ ജീൻസൊ ട്രൗസറോ ധരിക്കാതെ നിങ്ങൾക്ക് മാന്യതയുള്ള വസ്ത്രങ്ങളായ ചുരിദാറോ സാരിയോ വേണമെങ്കിൽ ചോളിയോ ഒക്കെ ധരിച്ചൂടെ എന്നായിരുന്നു നടിയുടെ സംശയം.

‘ഉപദേശ’ങ്ങളുടെ പേരിൽ സൈബർ ഇടത്തിലും ചാറ്റർജിയ്ക്ക് ട്രോൾ പെരുമഴയായിരുന്നു. ഭാരതത്തിന്റെ സംസ്കാരം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കേണ്ടത് സ്ത്രീകളാണെന്ന പൊതുബോധം തന്നെയാണ് നടി പരസ്യമായി വിളിച്ചു പറയുന്നത്.

ബിജെപിയിലേക്കുള്ള രംഗ പ്രവേശനത്തിനെ കുറിച്ച് ചോദിച്ചപ്പോൾ എന്റെ രാഷ്ട്രത്തിനു വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യാനാണ് ഈ പാർട്ടിയിൽ ചേർന്നതെന്നും ഞാൻ വലിയൊരു രാജ്യസ്‌നേഹി ആണെന്നുമാണ് ചാറ്റർജി പ്രതികരിച്ചത്. നിങ്ങളെ ആകര്‍ഷിച്ച നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ പറയുമോ എന്ന് ചോദിച്ചപ്പോൾ, മോദിജിയുടെ ഭരണമികവ് കണ്ട് ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാനായി എന്ന് മാത്രം പറഞ്ഞ് ചാറ്റർജി പിന്നീടുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി.

1970 കളില്‍ നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ച ചാറ്റർജിയ്ക്ക് ഇപ്പോൾ 70 വയസ്സിനടുത് പ്രായമുണ്ട്. 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഈ കടുത്ത മോദി ഫാൻ ജനുവരി ആദ്യവാരമാണ് താൻ ബിജെപിക്കൊപ്പമാണെന്നു പരസ്യമായി പ്രഖ്യാപിച്ചത്. ചാറ്റർജി പെൺകുട്ടിയെ ഉപദേശിക്കുന്ന വീഡിയോ പല സൈബർ ഇടങ്ങളിലും തരംഗമായപ്പോൾ, “ഉൾക്കൊള്ളുകയോ തള്ളിക്കളയുകയോ അവരുടെ ഇഷ്ടം, അവരെക്കാൾ പ്രായമുള്ള ആളെന്ന നിലയ്ക്ക് പറഞ്ഞു കൊടുക്കാനുള്ളത് ഞാൻ പറഞ്ഞു, അതിൻറെ ചാരിതാർഥ്യം തനിക്കുണ്ടെന്ന്” ചാറ്റർജി പ്രതികരിച്ചു.

This post was last modified on January 25, 2019 1:56 pm