X

വീണ്ടും സദാചാര ഗുണ്ടകളുടെ ആക്രമണം; യുവാവിനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സംഘമാണ് ഇയാളെ രക്ഷപ്പെടുത്തിയത്

കാസര്‍കോട് കൂട്ടുകാരിയെ കാണാനെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. രഹസ്യവിവരം അറിഞ്ഞെത്തിയ പോലീസാണ് യുവാവിനെ രക്ഷിച്ചത്. കേസില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആലക്കോട് കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടിആര്‍ സനല്‍(24) ആണ് ആക്രമണത്തിനിരയായത്.

ഇന്നലെ ഉച്ചയ്ക്ക് തളങ്കരയില്‍ വച്ചാണ് ആക്രമണമുണ്ടായത്. കാസര്‍കോട് പഠിക്കുന്ന നാട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയതായിരുന്നു സനല്‍. ഇവിടെ വച്ച് ഒരു സംഘം ഇയാളെ ആക്രമിക്കുകയും ഏതാനും പേര്‍ കാറില്‍ കയറി തളങ്കര തുറമുഖത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെവച്ചാണ് ഇയാള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായത്.

വാഹനത്തിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായും സനലിന്റെ പരാതിയില്‍ പറയുന്നു. തിരിച്ച തളങ്കരയിലെ ആശുപത്രിക്ക് സമീപം എത്തിച്ചും ഈ സംഘം ഇയാളെ മര്‍ദ്ദിച്ചു. രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സംഘമാണ് ഇയാളെ രക്ഷപ്പെടുത്തിയതെന്ന് ടൗണ്‍ എസ്‌ഐ പി അജിത് കുമാര്‍ അറിയിച്ചു. നാട്ടില്‍ നിന്നും ബന്ധുക്കളെത്തി സനലിനെ കൂട്ടിക്കൊണ്ട് പോയി.

This post was last modified on July 24, 2017 11:07 am