X

സാഗര കന്യക അശ്ലീലം: നളിനി നെറ്റോ എതിര്‍ത്തിരുന്നെന്ന് കാനായിയുടെ വെളിപ്പെടുത്തല്‍

അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് ശില്‍പ്പം പൂര്‍ത്തിയാക്കാനായത്

ശംഖുമുഖം കടപ്പുറത്തെ തന്റെ പ്രശസ്തമായ സാഗരകന്യക ശില്‍പ്പം അശ്ലീലമാണെന്ന് ആരോപിച്ച് അത് അവിടെ സ്ഥാപിക്കാന്‍ അന്ന് തിരുവനന്തപുരം കളക്ടറായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ എതിര്‍ത്തിരുന്നെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് ശില്‍പ്പം പൂര്‍ത്തിയാക്കാനായത്.

കൗമുദി ചാനലിലെ സ്‌ട്രെയിറ്റ് ലൈന്‍ അഭിമുഖത്തിലാണ് കാനായിയുടെ വെളിപ്പെടുത്തല്‍. ശില്‍പ്പത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയായിരുന്നു കളക്ടര്‍ ഇടപെട്ടത്. അശ്ലീല പ്രതിമയുടെ നിര്‍മ്മാണം അനുവദിക്കില്ലെന്നും ഇതേക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കുകയും ചെയ്തു. നിര്‍മ്മാണത്തിനാവശ്യമായ മെറ്റീരിയല്‍ നല്‍കുന്നതും നിര്‍ത്തിവച്ചു. ഇത് അന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്രവുമായി താന്‍ കരുണാകരനെ പോയി കണ്ടതോടെയാണ് ഇതിന് പരിഹാരമുണ്ടായത്.

എന്താ കുഞ്ഞിരാമാ എന്ന് ചോദിച്ചാണ് അദ്ദേഹം തന്നെ സ്വീകരിച്ചത്. വിവരങ്ങള്‍ അറിഞ്ഞ ഉടന്‍ അദ്ദേഹം കളക്ടറെ വിളിച്ചു. കളക്ടര്‍ കാനായി എന്ന് എന്നെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളുടെ പേരെന്തെന്നായി മുഖ്യമന്ത്രിയുടെ ചോദ്യം. നളിനി നെറ്റോയ്ക്ക് എന്റെ പേര് അറിയില്ലായിരുന്നു. കാനായിയെന്നല്ല കുഞ്ഞിരാമന്‍ എന്നാണ് അയാളുടെ പേര്. കുഞ്ഞിരാമന് ശില്‍പ്പ നിര്‍മ്മാണത്തിനാവശ്യമായ എല്ലാ സാമഗ്രികളും ഉടന്‍ എത്തിച്ചുകൊടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇനി ഇതേക്കുറിച്ച് ഒരു പരാതി ഉയരരുതെന്നും കരുണാകരന്‍ ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.

ഇതോടെ ആ പ്രശ്‌നം പരിഹരിച്ചു. കരുണാകരനെ പോലെ ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നതിനാലാണ് അത് നടന്നത്. അതേസമയം കോട്ടയത്ത് അക്ഷര ശില്‍പ്പം സ്ഥാപിച്ചപ്പോള്‍ ഉദ്ഘാടനത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അത് കാണാന്‍ നില്‍ക്കാതെ മടങ്ങിയതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അത് ഏറെ വേദനയുണ്ടാക്കി. കണ്ണൂരിലെ പയ്യാമ്പലത്തുള്ള ശില്‍പ്പത്തിന്റെ ശ്രദ്ധ മറയ്ക്കുന്ന വിധത്തില്‍ ജയന്റ്‌വീല്‍ സ്ഥാപിച്ചെന്നും പൊതുസ്വത്തായ ശില്‍പ്പങ്ങള്‍ പലയിടത്തും സംരക്ഷിക്കപ്പെടാതെ പോകുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

This post was last modified on August 2, 2017 9:52 am