X

യുഡിഎഫ് ഉപരോധം: ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും അറസ്റ്റു ചെയ്തു നീക്കി

രാവിലെ ആറ് മണി മുതലാണ് സെക്രട്ടേറിയറ്റിലെ മൂന്ന് ഗേറ്റുകളും അടച്ചുകൊണ്ട് യുഡിഎഫ് ഉപരോധം ആരംഭിച്ചത്.

യൂണിവേഴ്സിറ്റി കോളേജ്, പിഎസ്‌സി വിഷയത്തില്‍ യുഡിഎഫ് ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നേതാക്കളെയും അണികളെയും അറസ്റ്റുചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമുള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളെ അറസ്റ്റുചെയ്ത് നീക്കി.

ഭരിക്കാന്‍ കഴിവില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നത്. പോലീസിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും പിണറായി വിജയന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തെറ്റു തിരുത്തുകയല്ല, ആവര്‍ത്തിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എഐസിസി അംഗം ഉമ്മന്‍ ചാണ്ടിയും ആരോപിച്ചു. സിപിഐ എംഎല്‍എയെയും നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ ആറ് മണി മുതലാണ് സെക്രട്ടേറിയറ്റിലെ മൂന്ന് ഗേറ്റുകളും അടച്ചുകൊണ്ട് യുഡിഎഫ് ഉപരോധം ആരംഭിച്ചത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള എല്ലാ ഗേറ്റുകളും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും കടന്നു പോകുന്നതിന് വേണ്ടിയാണ് കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധത്തില്‍ നിന്നും ഒഴിച്ചിട്ടിരുന്നത്.

എന്നാല്‍ പല പ്രധാന റോഡുകളും പോലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിരുന്നതിനാല്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെട്ടത്. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കാല്‍നട യാത്രക്കാരെ പോലും കയറ്റിവിടാതെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read: യുഡിഎഫിന്റെ ഉപരോധം, എസ്എഫ്‌ഐയുടെ പ്രതിരോധം; തലസ്ഥാനത്ത് വലഞ്ഞ് ജനം