X

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും, പരിശോധന സംസ്‌കരിച്ച് 37 ദിവസത്തിന് ശേഷം

രാവിലെ 10-ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാകും വിശദമായ പോസ്റ്റ്മോര്‍ട്ടം നടത്തുക.

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. രാവിലെ 10-ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാകും വിശദമായ പോസ്റ്റ്മോര്‍ട്ടം നടത്തുക. കസ്റ്റഡി മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്.

ഇതിനായി ഫൊറന്‍സിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുക്കുന്നത്. രാവിലെ മൃതദേഹം പുറത്തെടുത്ത് കുടുംബാംഗങ്ങളെക്കൊണ്ട് അത് രാജ്കുമാറിന്റേതുതന്നെയെന്ന് ഉറപ്പ് വരുത്തും. ശേഷം പ്രാഥമിക നടപടിക്രമങ്ങള്‍ അവിടെത്തന്നെ പൂര്‍ത്തിയാക്കി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നതും ആന്തരാവയവങ്ങള്‍ പരിശോധനക്ക് എടുക്കാതിരുന്നതും വിവാദമായിരുന്നു. തുടര്‍ന്നാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മിഷന്‍ രണ്ടാമതും പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

വാരിയെല്ലുകളിലേറ്റ പരുക്കാണ് പ്രധാനമായും പരിശോധിക്കുക. ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് പോലീസ് മര്‍ദ്ദനത്തില്‍ പറ്റിയതാണോ എന്ന് പരിശോധിക്കും.

പോസ്റ്റുമാര്‍ട്ടത്തിന് ശേഷം എത്രയും വേഗം മൃതദേഹം തിരികെയെത്തിച്ച് സംസ്‌കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെങ്കിലും പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ രണ്ടാഴ്ചയെങ്കിലും കഴിയും. ഇടുക്കി ആര്‍ഡിഒക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് പോസ്റ്റുമോര്‍ട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മുതിര്‍ന്ന പോലീസ് സര്‍ജന്മാരായ പി ബി ഗുജ്‌റാള്‍, കെ പ്രസന്നന്‍ എന്നിവരെ കൂടാതെ ഡോ എ കെ ഉമേഷും ചേര്‍ന്നാണ് രണ്ടാംവട്ട പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

Read: നിയോം പദ്ധതി ഒരു ഭ്രാന്തന്റെ സ്വപ്നം മാത്രമല്ല, സൗദി അറേബ്യയെ മുഹമ്മദ് ബിൻ സൽമാന്‍ മുറിച്ച് വില്‍ക്കുന്നതിങ്ങനെയാണ്