X

മൃതദേഹം നാട്ടിലെത്തിക്കാന്‍ പുതിയ നിബന്ധന; എതിര്‍പ്പുമായി ഗള്‍ഫ് പ്രവാസികള്‍

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകകള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിബന്ധന

ഗള്‍ഫില്‍ വെച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പുതിയ നിബന്ധനയ്‌ക്കെതിരെ പ്രവാസികള്‍. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകകള്‍ സമര്‍പ്പിക്കണമെന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഉത്തരവാണ് പ്രവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഈ നിബന്ധന നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങളേറെയുണ്ടെന്നും ഉത്തരവ് നടപ്പിലാല്‍ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് നാലു ദിവസമെങ്കിലും ആവശ്യമായി വരുമെന്നുമാണ് പ്രവാസികള്‍ പറയുന്നത്.

മരണം സംഭവിക്കുന്നത് വാരാന്ത്യത്തിലാണെങ്കില്‍ മൃതദേഹം നാട്ടിലെത്താന്‍ കുറഞ്ഞത് ആറ് ദിവസമാകും. ഹൃദയാഘാതവും, അസുഖങ്ങള്‍ മൂലമുള്ള സാധാരണ മരണങ്ങള്‍ മാറ്റിവച്ചാല്‍ വാഹനാപകടവും ആത്മഹത്യയും ഏറെ നടക്കുന്ന സ്ഥലമാണ് ഗള്‍ഫ് മേഖല. അതിനാല്‍ പല മൃതദേഹങ്ങളും മോശമായ അവസ്ഥയിലായിരിക്കും. എംബാമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ അവസാന നിമിഷം വരെ കാത്തിരിക്കണം.

48 മണിക്കൂര്‍ മൃതദേഹം കേടാവാതെ സൂക്ഷിക്കാനാണ് എംബാം ചെയ്യുന്നത്. പുതിയ ഉത്തരവ് പ്രകാരം എംബാമിംഗിനു ശേഷം രണ്ടു ദിവസം കൂടി മൃദേഹം സൂക്ഷിക്കേണ്ടിവരുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയുണ്ടാവുകയും വിമാനത്തില്‍ കയറ്റാന്‍ കഴിയാതെയും വരികയും ചെയ്യും. നിലവില്‍ യു.എ.ഇയില്‍ മാത്രം പ്രതിദിനം ശരാശരി ഒന്‍പത് ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പുതിയ നിബന്ധന പ്രാബല്യത്തിലാവുകയാണെങ്കില്‍ ഇത്രയും മൃതദേഹങ്ങള്‍ 48 മണിക്കൂര്‍ സൂക്ഷിച്ചുവെക്കുന്നതിനുള്ള പരിമിതിയും എംബാമിംഗ് യൂണിറ്റിലുണ്ട്. അതിനാല്‍ നിബന്ധന പിന്‍വലിക്കണമെന്ന് കാണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ കാണാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കൂട്ടായ്മകള്‍.

This post was last modified on July 9, 2017 10:06 am