നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാര്‍ കീഴടങ്ങാന്‍ നിബന്ധന വെച്ചുവെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കരുതെന്നാണ് ഹരികുമാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധന. താന്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ നെയ്യാറ്റിന്‍കര സബ്ജയിലിളുള്ളതിനാല്‍ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്നാണ് ഹരികുമാര്‍ പറയുന്നത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനോടാണ് ഹരികുമാര്‍ നിബന്ധനവെച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ അരമന,ചിത്തിരംകോട് പ്രദേശത്താണ് ഹരികുമാര്‍ ഒളിവില്‍ താമസിക്കുന്നതെന്ന് പോലീസ് കരുതുന്നത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതോടെ ബംഗളൂരു വഴി ദുബായിലേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു. നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്‌നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്നാണ് വിവരം.
കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ ഭാര്യയോടും അടുത്ത ബന്ധുക്കളോടും ക്രൊംബ്രാഞ്ച് അന്വേഷണ സംഘം ആവിശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സേനയ്ക്ക് അപമാനകരമാകുമെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വികാരം കൂടി കണക്കിലെടുത്ത് കീഴടങ്ങണമെന്ന് അസോസിയേഷന്‍ ഹരികുമാറിന്റെ സഹോദരങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
This post was last modified on November 10, 2018 12:45 pm
Leave a Comment