X

‘ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തത് എന്തിന്? കശ്മീരികള്‍ നമ്മുടെ പൗരന്മാരല്ലേ’: പൊട്ടിത്തെറിച്ച് ശശി തരൂര്‍

പി ഡി പി നേതാവ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരാണ് വീട്ടു തടങ്കലില്‍

ജമ്മുകശ്മീരില്‍ നേതാക്കളേ വീട്ടുതടങ്കലിലാക്കിയ നടപടയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ‘എന്താണ് ജമ്മുകശ്മീരില്‍ നടക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തത് എന്തിന്? കശ്മീരികള്‍ നമ്മുടെ പൗരന്മാരല്ലേ അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളല്ലേ.. തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യധാരയെ നേതാക്കളെ കൂടെ നിര്‍ത്തേണ്ടതേണ്ടതല്ലേ? ഇനി അവരെ കൂടി അകറ്റിനിര്‍ത്തിയാല്‍ ആരാണ് ഇനി ശേഷിക്കുക.’ എന്നാണ് ട്വിറ്ററില്‍ ശശി തരൂര്‍ ചോദിച്ചിരിക്കുന്നത്.

 

ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കലെല്ലാം വീട്ടുതടങ്കലിലാണ്. പി ഡി പി നേതാവ് മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരാണ് വീട്ടു തടങ്കലില്‍ ഉള്ളത്. ജമ്മു ആന്‍ഡ് കാശ്മീര്‍ കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മാജിദും സിപിഎം നേതാവും എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയും വീട്ടു തടങ്കലില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ‘നിങ്ങള്‍ ഒറ്റക്കല്ല ഒമര്‍ അബ്ദുള്ള. എല്ലാ ഇന്ത്യന്‍ ജനാധിപത്യവാദികളും നേതാക്കളും കാശ്മീരിനൊപ്പമുണ്ട്’ എന്നും മറ്റൊരു ട്വീറ്റില്‍ ശശി തരൂര്‍ കുറിച്ചു.

ശ്രീനഗറില്‍ അനിശ്ചിതകാല നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കിടെ സഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും സംസ്ഥാനം വിട്ടു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്. ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം ആഗസ്ത് 5 അര്‍ദ്ധരാത്രി മുതലാണ് സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

Read: മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍; ശ്രീനഗറില്‍ നിശാനിയമം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു

 

This post was last modified on August 5, 2019 6:44 am