X

സ്വകാര്യ ആശുപത്രിയിലെ ഡീലക്‌സ് റൂമിലുള്ള താമസം മതി, ശ്രീറാം വെങ്കിട്ടരാമന് ഇനി ചികിത്സ മെഡിക്കല്‍ കോളേജില്‍

ഇതിനായി പോലീസ് കിംസ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതിനായി പോലീസ് കിംസ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച കിംസ് ആശുപത്രിക്ക് കത്ത് നല്‍കി. ഇന്നുതന്നെ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് നിര്‍ദേശം. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റുവെന്നാണ് അനൗദ്യോഗികമായി ശ്രീറാമിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയുന്നത്. റിമാന്‍ഡ് പ്രതിയായ ശ്രീറാം തിരുവന്തപുരത്തെ കിംസ് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള 923 ാം നമ്പര്‍ മുറിയില്‍ (ഡീലക്‌സ് റൂം) അടുപ്പക്കാര്‍ക്കും സുഹൃത്തുക്കളായ ഡോക്ടര്‍മാരുടെയും പരിചരണത്തിലാണ് കഴിയുന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടുകള്‍. ആത്യാഡംബര സൗകര്യങ്ങളുള്ള ഈ മുറി സാധാരണ ആശുപത്രി മുറിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള, പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരിക്കാവുന്ന വലിയ സൗകര്യങ്ങളുള്ളതാണ്. എന്ത് ആരോഗ്യ പ്രശ്‌നമാണ് ശ്രീറാമിന് ഉള്ളതെന്ന് വ്യക്തമാക്കാന്‍ ആശുപത്രി അധികൃതരോ പോലീസോ തയ്യാറായിട്ടില്ല. മാത്രമല്ല ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് ശ്രീറാം ആശുപത്രിയില്‍ തുടരുന്നതെന്നാണ് ലഭിക്കുന്ന വിശദീകരണം.

രോഗി ആവശ്യപ്പെട്ടത് അനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നതെന്നാണ് ആശുപത്രിയിലെ മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നത്. പല സമയത്തും ശ്രീറാമിന്റെ വാട്ട്‌സ് ആപ്പ് നമ്പറില്‍ ഓണ്‍ലൈന്‍ ആണെന്ന് കാണിക്കുന്നുണ്ടെന്നും ഇത് ശ്രീറാം ഫോണ്‍ ഉപയോഗിക്കുന്നത്തുകൊണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമന്‍ നിലവില്‍ റിമാന്‍ഡിലാണെങ്കിലും സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റാന്‍ പോലും പോലീസ് ഇടപെട്ടില്ലെന്നാണ് പുതിയ ആരോപണം.

ഏഷ്യാനെറ്റ് പുറത്തുവിട്ട ആശുപത്രി ദൃശ്യങ്ങള്‍

അപകടത്തില്‍ ശ്രീറാമിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് തുടക്കം മുതലേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചികില്‍സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിലപാടെടുത്തത്. ഇത് ആശുപത്രിയില്‍ നേരിട്ടെത്തി നടപടി സ്വീകരിച്ച മജിസ്‌ട്രേറ്റിനോട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ശ്രീറാമിന് സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുമതി ലഭിച്ചത്. അപകടം ഉണ്ടായ ഉടന്‍ തന്നെ ശ്രീറാമിനെ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചിരുന്നെങ്കിലും രക്തപരിശോധന ഉള്‍പ്പെടെയുള്ളവയ്ക്ക് ശ്രീറാം തയാറായില്ല. പോലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ അത് ചെയ്യാമെന്നിരിക്കെ അതും പോലീസ് ചെയ്തില്ല. മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്തതെങ്കിലും ശ്രീറാം പോയത് സ്വകാര്യ ആശുപത്രിയിലേക്കാണ്. കേസില്‍ ജയില്‍ വാസം ഒഴിവാക്കാനാണ് ആശുപത്രിവാസമെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ജാമ്യം നേടാനുള്ള നീക്കങ്ങളും ശ്രീറാം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും മെല്ലെപ്പോക്ക് തുടരുന്നെന്നും, കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന ബന്ധുക്കളുടെ ആരോപണവും നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനിടെ ശ്രീറാം മദ്യപിച്ചെന്ന തെളിയിക്കാന്‍ നടത്തിയ രക്ത പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധന വൈകിയതിനാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരുന്നു.

ഈ സമയത്തിനിടെ ശ്രീറാം രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്നു കഴിച്ചതായും പോലീസിനു സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രക്തപരിശോധന 10 മണിക്കൂറിനു ശേഷം ചെയ്തതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ അളവു കണ്ടെത്തുക ദുഷ്‌കരമെന്നു വിദഗ്ധര്‍ പറയുന്നു. ശ്രീറാമിന്റെ കേസില്‍ 9.30 മണിക്കൂറിന് ശേഷമാണ് രക്തസാംപിള്‍ ശേഖരിച്ചതെന്നതും ശ്രദ്ധേയമാണ്.

ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ പോലീസ് കേസെടുത്തത് നീക്കമെന്നുമാണ് മറ്റൊരു ആക്ഷേപം. അപകരമായ രീതിയില്‍ വാഹനമോടിച്ചതിനെ പ്രോത്സാഹിപ്പിച്ചുവെന്ന വിലയിരുത്തലിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

അതേസമയം, ഒരു കേസ് രജിസ്റ്റര്‍ ചെയ്താല്‍ സാധാരണ ചെയ്യാറുള്ള നടപടിക്രമങ്ങളും ശ്രീറാമിന്റെ സംഭവത്തില്‍ പാലിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര്‍ കേരള പോലീസിന്റെ ഔദ്യാഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക എന്ന പതിവാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുമ്പോഴും എഫ് ഐ ആര്‍ പുറത്തുവിടാത്തത് കേസില്‍ ചുമത്തിയ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കാനാണെന്നും ആക്ഷേപം.

EXPLAINER: കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും സഞ്ചാരികളോട് കാശ്മീര്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടില്ല, ആരാണ് ഭീതി പരത്തുന്നത്? എന്തിന്?