X

ജയിലില്‍ കിടക്കേണ്ട, മെഡിക്കല്‍ കോളേജിലെ പോലീസ് സെല്‍ വാര്‍ഡില്‍ ശ്രീറാം വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചു

ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജ് പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റിയത്.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരുവന്തപുരം പൂജപ്പുര സബ് ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റി. അതേസമയം കേസില്‍ ശ്രീറാം ജാമ്യപേക്ഷ നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ശ്രീറാം ജാമ്യ അപേക്ഷ നല്‍കിയത്. ജാമ്യപേക്ഷ നാളേ പരിഗണിക്കും.

നേരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുത്തേക്ക് ശ്രീറാമിനെ കൊണ്ടുപോയിരുന്നു, തുടര്‍ന്ന് മജിസ്‌ട്രേറ്റ്, ശ്രീറാമിന് സ്വകാര്യ ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലെന്ന് നിര്‍ദേശിച്ച് പൂജപ്പുര സബ്ജയിലിലേക്ക് അയ്ക്കുകയായിരുന്നു. സബ്ജയിലില്‍ കൊണ്ടു പോയ ശ്രീറാമിനെ നടപടിക്രമത്തിന്റെ ഭാഗമായി സൂപ്രണ്ടിന്റെ പരിശോധനയ്ക്ക് വിധേയമാക്കി. ജയില്‍ ഡോക്ടറും പരിശോധിച്ചു. ശേഷം, ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജ് പോലീസ് സെല്‍ വാര്‍ഡിലേക്ക് മാറ്റിയത്.

ശ്രീറാമിന്റെ കിംസ് ആശുപത്രിയിലെ ഡീലക്സ് റൂം ചികിത്സ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് പോലീസ് കിംസ് ആശുപത്രിയില്‍ എത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.15നോടെ ആംബുലന്‍സില്‍ വഞ്ചിയൂരിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ കോണ്ടുപോവുകയായിരുന്നു.മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു ശ്രീറാമിനെ സ്ട്രക്ച്ചറില്‍ കിടത്തിയായിരുന്ന ആംബുലന്‍സിലേക്ക് കയറ്റിയത്.

ശ്രീറാമിന്റെ ആരോഗ്യനില പരിശോധിക്കാന്‍ ആംബുലന്‍സിലേക്ക് മജിസ്ട്രേറ്റ് നേരിട്ട് എത്തിയായിരുന്നു പരിശോധന നടത്തിയത്. ശ്രീറാമിനൊപ്പം ചികിത്സിച്ച ഡോക്ടറുമാരുമുണ്ടായിരുന്നു. ശ്രീറാമിന് ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മജിസ്ട്രേറ്റ് കണ്ടെത്തിയത്. കൂടാതെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ആവശ്യമില്ലെന്നും സബ് ജയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി.

സബ്ജയിലിലെ നടപടിക്രമം കഴിഞ്ഞതിന് ശേഷം ശ്രീറാമിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സൂപ്രണ്ടിന്റെ വിവചേനാധാകാരത്തില്‍ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ രണ്ടാംനിലയിലെ 20-ാം വാര്‍ഡിലേക്കാണ് ശ്രീറാമിനെ മാറ്റിയത്. പോലീസ് സെല്‍ വാര്‍ഡ് എന്നറിയിപ്പെടുന്ന ഈ വാര്‍ഡിലാണ് റിമാന്‍ഡ് പ്രതികളെ ചികിത്സക്ക് കൊണ്ടുവരുന്നത്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വാര്‍ഡില്‍ എത്തിച്ചതിന് ശേഷമായിരുന്നു പോലീസ് സെല്‍വാര്‍ഡില്‍ ശ്രീറാമിനെ എത്തിച്ചത്.

EXPLAINER: കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും സഞ്ചാരികളോട് കാശ്മീര്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടില്ല, ആരാണ് ഭീതി പരത്തുന്നത്? എന്തിന്?

 

 

This post was last modified on August 4, 2019 9:18 pm