X

ട്രെയിന്‍ അപകടങ്ങള്‍: രാജി സന്നദ്ധത പ്രകടിപ്പിച്ച് റെയില്‍വേ മന്ത്രി, കാത്തിരിക്കാന്‍ പ്രധാനമന്ത്രി

മൂന്ന് വര്‍ഷക്കാലം മന്ത്രിയായിരുന്നപ്പോള്‍ താന്‍ തന്റെ രക്തവും വിയര്‍പ്പും റെയില്‍വേയുടെ വികസനത്തിനായി നല്‍കിയെന്ന് മന്ത്രി

ഉത്തര്‍പ്രദേശില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് ട്രെയിന്‍ അപകടങ്ങളുടെയും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി വയ്ക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചതായി മന്ത്രി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അതേസമയം പ്രധാനമന്ത്രി തന്നോട് കാത്തിരിക്കാനാണ് പറഞ്ഞതെന്നും സുരേഷ് പ്രഭു പറയുന്നു.

മൂന്ന് വര്‍ഷക്കാലം മന്ത്രിയായിരുന്നപ്പോള്‍ താന്‍ തന്റെ രക്തവും വിയര്‍പ്പും റെയില്‍വേയുടെ വികസനത്തിനായി നല്‍കിയെന്ന് മന്ത്രി പറയുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടായി റെയില്‍വേ നേരിടുന്ന അവഗണനകള്‍ രണ്ട് പരമ്പരാഗതമല്ലാത്ത മുതല്‍ മുടക്കിലൂടെ തരണം ചെയ്യാന്‍ ആയി. റെയില്‍വേ കാര്യക്ഷമവും ആധുനികവുമാക്കുകയെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹത്തിനനുസരിച്ചാണ് പുതിയ ഇന്ത്യയുടെ വീക്ഷണം രൂപപ്പെടുത്തിയിരിക്കുന്നത്. ആ പാതയില്‍ തന്നെ റെയില്‍വേ പുരോഗതിയുടെ പാതയിലാണെന്ന് താന്‍ ഉറപ്പുനല്‍കുന്നു.

അതേസമയം ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതിലും വിലപ്പെട്ട ജീവനുകള്‍ നഷ്ടമായതിലും തനിക്ക് വേദനയുണ്ട്. താന്‍ പ്രധാനമന്ത്രിയെ കണ്ട് ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു. അദ്ദേഹം കാത്തിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ട്വീറ്റുകളിലായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

 

This post was last modified on August 23, 2017 3:43 pm