X

‘രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകളുണ്ട്’; തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലത്തില്‍ പി ജയരാജന്‍

കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍.

വടകര ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി മുന്‍ സെക്രട്ടറിയുമായ പി ജയരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നത് തനിക്കെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകളുണ്ടെന്നാണ്. ഇതില്‍ ഒരു കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണെന്നും പറയുന്നു. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍.

കൂടാതെ പ്രമോദ് വധശ്രമക്കേസില്‍ ഗൂഢാലോചന നടത്തി, അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കേസുകളുമുണ്ട്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസിലായിരുന്നു ജയരാജന്‍ ശിക്ഷിക്കപ്പെട്ടത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പിഴയുമായിരുന്നു കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെ നല്‍കിയ അപ്പീലില്‍ വിധി വരുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

സ്വത്തു സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്, തന്റെ കൈവശം 2000രൂപയും ഭാര്യയുടെ കൈവശം 5000 രൂപയുമുണ്ടെന്നാണ്. ജയരാജന്റെ ബാങ്ക് നിക്ഷേപവും ഓഹരിയുമടക്കം 8,22,022 രൂപയും ഭാര്യയുടെ നിക്ഷേപം 31,75,418 രൂപയുമാണ്. ജയരാജന്റെയും ഭാര്യയുടേയും സംയുക്ത ഉടമസ്ഥതയില്‍ 37 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ പേരില്‍ 16 ലക്ഷത്തിന്റെ സ്വത്ത് വേറെയുമുണ്ട്.

ജയരാജന്റെ പേരില്‍ വായ്പയൊന്നുമില്ല. ഭാര്യയുടെ പേരില്‍ 6,20,213 രൂപയുടെ ബാധ്യതയുണ്ട്. ജയരാജന്‍െ പേരില്‍ 3.25 ലക്ഷം മതിപ്പുവിലയുള്ള ടാറ്റ മാജിക്കും ഭാര്യയുടെ പേരില്‍ 3.5 ലക്ഷത്തിന്റെ മാരുതി സ്വിഫ്റ്റുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

This post was last modified on March 31, 2019 7:12 am