X

കെഎസ്ആര്‍ടിസി എംഡിയെ തിരുത്തി ഗതാഗതമന്ത്രി; പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനൂകൂല്യങ്ങളും നല്‍കും

പിഎസിസി ലിസ്റ്റില്‍ നിന്നും നിയമിക്കുന്നവരെ ഉടന്‍ സ്ഥിരം ജീവനക്കാരാക്കില്ലെന്നും നിലവില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനം മാത്രമായിരിക്കും അനുവദിക്കുകയെന്നുമായിരുന്നു തച്ചങ്കരി പറഞ്ഞത്.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ തിരുത്തി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയിലേക്ക് പിഎസ്‌സി വഴി പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനൂകൂല്യങ്ങളും നല്‍കുമെന്നും തച്ചങ്കരി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നുമാണ് ശശീന്ദ്രന്‍ വ്യക്തമാക്കിയത്.

പിഎസിസി ലിസ്റ്റില്‍ നിന്നും നിയമിക്കുന്നവരെ ഉടന്‍ സ്ഥിരം ജീവനക്കാരാക്കില്ലെന്നും നിലവില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനം മാത്രമായിരിക്കും അനുവദിക്കുകയെന്നുമായിരുന്നു തച്ചങ്കരി പറഞ്ഞത്. കൂടാതെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും നിയമനമെന്നും പിഎസ് സി പറയുന്ന ശമ്പളം ഇപ്പോള്‍ നല്‍കാനാവില്ലെന്നും തച്ചങ്കരി പറഞ്ഞു.

ഇത് തിരുത്തിയാണ് ഗതാഗതമന്ത്രി എത്തിയത്. എന്നാല്‍ ജീവനക്കാരുടെ പ്രകടനം നോക്കിയാണ് അവരെ ജോലിയില്‍ പൊതുവേ സ്ഥിരപ്പെടുത്താറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയതായി നിമിക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് നാളെ ആസ്ഥാനത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ ഡിപ്പോകളിലേക്ക് നിയോഗിക്കും.

രണ്ട് ദിവസത്തെ ഓറിയന്റേഷന്‍ ക്ലാസ് നല്‍കയതിന് ശേഷം നിലവിലെ കണ്ടക്ടര്‍മാര്‍ക്കൊപ്പം പരിശീലനത്തിനും വിട്ടതിന് ശേഷമായിരിക്കും സ്വതന്ത്രചുമതല നല്‍കുക. ടിക്കറ്റിങ്ങ് സംവിധാത്തെ കുറിച്ചുള്ള ക്ലാസുകളും നല്‍കും. സിറ്റി റുട്ടുകള്‍ ഉള്‍പ്പെടെ ഉള്ളവയിലായിരിക്കും പുതിയ ജിവനക്കാര്‍ക്ക് നിയമനം നല്‍കുക.

ഇവരുടെ റൂട്ടുകളില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ച് അവശ്യമായ നിര്‍ദേശം നല്‍കുമെന്നും തച്ചങ്കരി അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്ക് പകരം പുതിയതായി നിയമിക്കുന്നത് 4051 പേരെയാണ്.

കെഎസ് ആർടിസി; പുതിയ ജീവനക്കാർക്ക് ഉടൻ സ്ഥിര നിയമനമില്ലെന്ന് ടോമിൻ തച്ചങ്കരി

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

This post was last modified on December 19, 2018 5:02 pm