X

അശാസ്ത്രീയ ചികിത്സ നടത്തി ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവം; മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

മോഹനന്‍ വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലിസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.

അശാസ്ത്രീയ ചികിത്സ നടത്തി ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ജനിതക സംബന്ധമായ രോഗവുമായി എത്തിയ കുട്ടി മരണമടഞ്ഞ സംഭവത്തിലാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലിസ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണമാണ് മരണപ്പെട്ടതെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക് റസിഡന്റ് ഡോ. വിപിന്‍ കളത്തില്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഡോ. വിപിന്‍ പറയുന്നത് –

രോഗം കണ്ടെത്തി ഒരുവര്‍ഷത്തിനു ശേഷമാണ് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി മോഹനന്‍ വൈദ്യരുടെ കൊല്ലത്തുള്ള ചികിത്സാ കേന്ദ്രത്തില്‍ പോയത്. കുട്ടിക്ക് ഓട്ടിസമാണെന്നായിരുന്നു വൈദ്യര്‍ മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിര്‍ത്തിയോപ്പോള്‍ കുട്ടിയുടെ പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി.

തുടര്‍ന്ന് കുട്ടിക്ക് ഒരാഴ്ച്ചയായി പനിയും, ചുമയും മൂര്‍ച്ചിച്ച് ശ്വാസം എടുക്കുവാന്‍ പറ്റാത്ത നിലയിലായി. അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ചിച്ചതിനാല്‍ അമല ആശുപത്രിരിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ്
ഡോ. വിപിന്‍ പറയുന്നത്.

സംഭവം വിവാദമായതോടെ പോലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ കത്തയച്ചിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു ആരോഗ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Read: 30 സ്ത്രീകള്‍ നയിക്കുന്ന ഈ സ്കൂളില്‍ ഇനി പെണ്‍കുട്ടികള്‍ പാവാട ഉടുക്കില്ല; യൂണിഫോമിൽ വിപ്ലവം സൃഷ്ടിച്ച് ഒരു പൊതുവിദ്യാലയം