X

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി അഷിത അന്തരിച്ചു

പുലര്‍ച്ചെ (27-03-2019) ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി കെ അഷിത (63) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന അഷിതയുടെ അന്ത്യം പുലര്‍ച്ചെ (27-03-2019) ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു.

റഷ്യന്‍ നാടോടിക്കഥകളും കവിതകളും മലയാളത്തിന് പരിചയപ്പെടുത്തുന്നതിന് അഷിതയുടെ വിവര്‍ത്തനങ്ങള്‍ വഹിച്ച് പങ്ക് ചെറുതല്ല. ഏറെ ശ്രദ്ധനേടിയ അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു. വിസ്മയചിത്രങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, നിലാവിന്റെ നാട്ടില്‍, ഒരു സ്ത്രിയും പറയാത്തത്, അഷിതയുടെ കഥകള്‍, പദവിന്യാസങ്ങള്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

‘അഷിതയുടെ കഥകള്‍’ എന്ന കൃതിക്ക് 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം ലഭിച്ചു. ഇടശ്ശേരി പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങിയ അനവവധി പുരസ്‌കാരങ്ങളും അഷിതയെ തേടിയെത്തിയിട്ടുണ്ട്.

1956 ഏപ്രില്‍ 5ന് തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണ് അഷിതയുടെ ജനനം. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി.

This post was last modified on March 27, 2019 7:01 pm