പ്രധാന മന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചും വനിതാ സംവരണം, തൊഴില്‍ സംവരണം, എല്ലാ പൗരന്‍മാര്‍ക്കും മിനിമം വേതനം വാഗ്ദാനങ്ങൾ ആവർത്തിച്ചും കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തില്‍ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയായ തൃശൂര്‍ തൃപ്രയാറില്‍ ദേശീയ മല്‍സ്യതൊഴിലാളി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ നിന്നും വ്യത്യസ്ഥമായി മല്‍സ്യതൊഴിലാളികളുമായുള്ള സംവാദത്തിനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ലൈസന്‍സ് ലഭിച്ച രാജ്യത്തെ ഏക വനിത തൃശൂര്‍ സ്വദേശിനി രേഖയ്ക്കു ഉപഹാരവും രാഹുല്‍ ഗാന്ധി ചടങ്ങിൽ കൈമാറി.
പൊതു തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ മല്‍സ്യതൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപികരിക്കുമെന്നും രാഹുല്‍ഗാന്ധി തൃപ്രയാറില്‍ പറഞ്ഞു. ഇത് വെറുംവാക്കല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലേതു പോലുള്ള കപട വാഗ്ദാനമല്ല. നടപ്പാക്കാന്‍ തീരുമാനിച്ച കാര്യമേ പ്രസംഗത്തില്‍ പറയാറുള്ളൂവെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. വനിതകള്‍ക്കായി മുപ്പത്തിമൂന്നു ശതമാനം തൊഴില്‍ സംവരണം, എല്ലാ പൗരന്‍മാര്‍ക്കും മിനിമം വേതനം എന്നീ പ്രഖ്യാപനങ്ങളും മുന്നോട്ട് വച്ചായിരുന്നു പ്രസംഗം.
അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടിയില്‍ ഭേദഗതി കൊണ്ടുവരും. പാവങ്ങളുടെ വിഷയം മോദിക്ക് പ്രശ്നമല്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം അതിസമ്പന്നരും നരേന്ദ്രമോദിയും തമ്മില്‍ അവിശുദ്ധ ബന്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. അതിസമ്പന്നരുടെ മൂന്നരലക്ഷം കോടി കടം എഴുതി തള്ളിയ മോദി കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ മടിക്കുകയാണ്. ദുര്‍ബലരുടെ ശബ്ദം കേള്‍ക്കാനായിരിക്കും കോണ്‍ഗ്രസ് ഇനിയും ശ്രമിക്കുകയെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
This post was last modified on March 14, 2019 2:31 pm
Leave a Comment