X

മൂന്നാറിലെ കുരിശല്ല ബോണക്കാട്ടെ കുരിശ്; തീ കൊണ്ടുള്ള കളി അവസാനിപ്പിക്കണം

ആരാണ് ഇത് ചെയ്തത്? മറുപടി പറയേണ്ടത് സര്‍ക്കാരാണ്; പോലീസും വനംവകുപ്പുമാണ്.

കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്തിന്റെ മലയോരമേഖലയായ ബോണക്കാട് അസ്വസ്ഥമാണ്. ശനിയാഴ്ച പത്തു മണിയോടെ ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശും അള്‍ത്താരയും തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അസ്വസ്ഥതയുടെ തുടക്കം. കരിച്ചിമൊട്ട ഭാഗത്തെ രണ്ടു കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത് എന്ന് ഞായറാഴ്ചത്തെ ഒട്ടുമിക്ക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുരിശുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

“ഇവിടെ ഉണ്ടായിരുന്ന 14 കുരിശുകളില്‍ അഞ്ചെണ്ണം വനഭൂമിയിലാണ് എന്നു കാട്ടി മൂന്നെണ്ണം നേരത്തെ നീക്കം ചെയ്തിരുന്നു. അന്ന് വനം വകുപ്പിനെതിരെ വിശ്വാസികള്‍ സമരവുമായെത്തിയപ്പോള്‍ വനം മന്ത്രി നടപടി മരവിപ്പിക്കുകയായിരുന്നു” എന്ന് ഇന്നലത്തെ മാതൃഭൂമി റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ വനഭൂമിയിലുള്ള കോണ്‍ക്രീറ്റ് കുരിശും അള്‍ത്താരയും തകര്‍ത്ത നടപടിയില്‍ വനം വകുപ്പിനോ ജീവനക്കാര്‍ക്കോ പങ്കില്ല എന്ന് ഡി എഫ് ഒ പറഞ്ഞതായും മാതൃഭൂമി റിപ്പോര്‍ട്ടില്‍ ഉണ്ട്.

അപ്പോള്‍ ആരാണ് ഇത് ചെയ്തത്? മറുപടി പറയേണ്ടത് സര്‍ക്കാരാണ്. പോലീസും വനംവകുപ്പുമാണ്.

അതേ സമയം ഇന്നലെ ബോണക്കാട് കുരിശുമലയിലേക്ക് പോയ വിശ്വാസികളുടെ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാണിത്തടം ചെക്ക് പോസ്റ്റില്‍ തടഞ്ഞു. തുടര്‍ന്ന് വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം വൈദികര്‍ അടങ്ങുന്ന ചെറു സംഘത്തെ തകര്‍ന്ന കുരിശുകളുടെയും അള്‍ത്താരയുടെയും മുന്‍പില്‍ ദിവ്യ ബലി നടത്താന്‍ മലയിലേക്ക് കയറ്റിവിടുകയായിരുന്നു.

കുരിശുമല തീര്‍ഥാടനത്തിന്റെ ഭാഗമായി ബോണക്കാട്ട് സ്ഥാപിച്ച കുരിശുകളും അള്‍ത്താരയും തകര്‍ത്ത സംഭവം മതസൌഹാര്‍ദത്തോടുള്ള വെല്ലുവിളി ആണെന്ന് കെസിബിസി അധ്യക്ഷനും തിരുവനന്തപുരം അതിരൂപതാ അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പറഞ്ഞു. “ഈ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ഈ സാഹചര്യത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.” സൂസപാക്യം പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

“കയ്യേറ്റങ്ങളെ കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുകയോ സരക്ഷിക്കുകയോ ചെയ്യില്ല. അവകാശപ്പെട്ട സ്ഥലങ്ങള്‍ നിയമപരമായും സമാധാനപരമായും ഒഴിപ്പിച്ചെടുക്കാന്‍ വനം വകുപ്പിന് അവകാശമുണ്ട്. ബന്ധപ്പെട്ടവരായുമുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന ഉറപ്പുകൊടുത്ത സാഹചര്യത്തില്‍ കുരിശുകളും അള്‍ത്താരയും തകര്‍ത്തു ഈ പ്രദേശത്ത് മത സ്പര്‍ദ്ധ വളര്‍ത്താനുള്ള ഗൂഢ നീക്കത്തിന് വനം വകുപ്പ് ഒത്താശ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല” സൂസപാക്യം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സംഭവത്തില്‍ വിശദമായി അനേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. “വനം വകുപ്പ് അധികൃതര്‍ കുരിശ് തകര്‍ക്കാന്‍ സാധ്യത ഇല്ലെന്നും രാത്രിയുടെ മറവിലായതിനാല്‍ സാമൂഹ്യവിരുദ്ധരാവും സംഭവത്തിന് പിന്നിലെന്നും” ആണ് നെയ്യാറ്റിന്‍കര രൂപതാ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്.

സ്വഭാവികമായും സര്‍ക്കാരിന്റെ സംശയം സാമൂഹിക വിരുദ്ധരെ ആണെങ്കില്‍ അതാരാണെന്ന് എത്രയും വേഗം കണ്ടെത്തുക എന്നുള്ളത് പോലീസിന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും തകര്‍ത്ത കുരിശുകള്‍ പുനഃസ്ഥാപിക്കും വരെ പ്രതിഷേധം തുടരും എന്നും നെയ്യാറ്റിന്‍കര രൂപത വ്യക്തമാക്കിയ സാഹചര്യത്തില്‍.

നെയ്യാറ്റിന്‍കര രൂപതയിലെ ഡോ. വിന്‍സെന്‍റ് സാമുവലിന്റെ ആരോപണം സൂസപാക്യത്തിന്റേത് പോലെ മയപ്പെട്ടതായിരുന്നില്ല. “വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചു വനം വകുപ്പ് നടത്തിയ നീചമായ പ്രവര്‍ത്തി അന്ത്യന്തം വേദനയുണ്ടാക്കുന്നതും അപലപനീയവും” ആണെന്നാണ് വിന്‍സെന്‍റ് സാമുവല്‍ പറഞ്ഞത്.

അതായത് പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ രഹസ്യ സഹായത്തോടെയാണ് സംഭവം നടന്നത് എന്നു രൂപതയും വിശ്വാസികളും കരുതുന്നു എന്നു സാരം.

“കോണ്‍ക്രീറ്റ് കുരിശും അള്‍ത്താരയും വനഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടതിന്റെ പേരില്‍ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിയുടെ ഭീഷണിയില്‍ ആയിരുന്നു” എന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോള്‍ വനം വകുപ്പും സംശയത്തിന്റെ നിഴലില്‍ ആകുകയാണ്.

1956ലാണ് ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് വേണ്ടി മരക്കുരിശ് സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് തീര്‍ഥാടനത്തിന്റെ 60 വര്‍ഷം പ്രമാണിച്ച് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്. എന്നാല്‍ കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിക്കുന്നതിന് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം രൂപത വാങ്ങിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ക്രീറ്റ് കുരിശ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് വനം വകുപ്പ് രൂപതയ്ക്ക് നോട്ടീസ് നല്കിയിരുന്നു.

കയ്യേറ്റത്തിന്റെ ഭാഗമായി മൂന്നാര്‍ പപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസുകാരുടെ കുരിശ് സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പൊളിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയത് കുരിശ് വിശ്വാസത്തിന്റെ പ്രതീകമാണ് എന്നു പറഞ്ഞുകൊണ്ടാണ്. വലിയ രാഷ്ട്രീയ കോലാഹലം ഉയര്‍ത്തിവിട്ട സംഭവം ഒടുവില്‍ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ ദൌത്യം തന്നെ തകരുന്നതിന് ഇടയാക്കി.

Also Read: സ്തോത്രം കര്‍ത്താവേ, മൂന്നാര്‍ ഇനി കുരിശിന്റെ വഴിയേ

അത്തരമൊരു സാഹചര്യം ഇവിടെ ഇല്ലെങ്കിലും കുരിശ് തകര്‍ക്കല്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതയെ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. പ്രത്യേകിച്ചും തിരുവനന്തപുരത്ത് സമീപകാലത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ സാമുദായിക ധ്രുവീകരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പറയുന്ന സാമൂഹ്യ വിരുദ്ധര്‍ ആരാണ് എന്നു കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം തന്നെ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് ഉണ്ട്. ഇനി ഇതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ വനം വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തി അത് കണ്ടത്തേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങളെ നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതും ഭരണകൂടം തീരുമാനിക്കണം. ഒപ്പം മതത്തിന്റെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മത മേലധികാരികള്‍ ശ്രദ്ധ ചെലുത്തേണ്ടതും അനിവാര്യമാണ്.

മൂന്നാറിലേത് പോലെ ബോണക്കാട്ടെ കുരിശും ചുമക്കേണ്ടത് സിപിഐ മന്ത്രിയാണ് എന്നതാണ് ഇതിലെ രാഷ്ട്രീയമായ കൌതുകം.

(ഫോട്ടോ കടപ്പാട്: ദീപിക)

Also Read: കുരിശ് വിറ്റ് ജീവിക്കുന്നവരെ മുഖ്യമന്ത്രി എന്തിന് പിന്താങ്ങണം?

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 21, 2017 2:39 pm