X

മാലേഗാവ് സ്‌ഫോടന കേസ്: ലെഫ്.കേണല്‍ പുരോഹിതിന് ജാമ്യം

പുരോഹിതിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും ഒമ്പത് വര്‍ഷമായി അദ്ദേഹം വിചാരണ തടവ് അനുഭവിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു.

2008ലെ മാലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി കേണല്‍ ശ്രീകാന്ത്‌ പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പുരോഹിതിന് ജാമ്യം നല്‍കുന്നതിനെ എന്‍ഐഎ എതിര്‍ത്തു. പുരോഹിതിനെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒമ്പത് വര്‍ഷമാണ് ജയിലിലാണ് ശ്രീകാന്ത്‌ പുരോഹിത്. ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. 2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

പുരോഹിതിനെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും ഒമ്പത് വര്‍ഷമായി അദ്ദേഹം വിചാരണ തടവ് അനുഭവിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാളും എഎം സാപ്രെയുമാണ് ഹര്‍ജി പരിഗണിച്ചത്. എംസിഒസിഎ (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) പ്രകാരമുള്ള കുറ്റം നേരത്തെ തന്നെ പുരോഹിതിന്റെ പേരില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം പുരോഹിതിനെതിരെ കുറ്റം ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചു.

സാധ്വി പ്രഗ്യ സിംഗ് ഠാക്കൂറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയിലാണ്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ പിതാവായ നിസാര്‍ അഹമ്മദ് ഹാജി സായിദ് ബിലാല്‍ ആണ് പ്രഗ്യാ സിംഗിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 10ന് കോടതി ഹര്‍ജി പരിഗണിക്കും. സുപ്രീംകോടതി ഇക്കാര്യത്തില്‍ എന്‍ഐഎയുടേയും മഹാരാഷ്ട്ര സര്‍ക്കാരിന്റേയും നിലപാട് ആരാഞ്ഞിരുന്നു. പുരോഹിതിനെതിരെ തെളിവുണ്ടെന്നും പ്രഗ്യ സിംഗിനെതിരെ തെളിവില്ലെന്നുമാണ് എന്‍ഐഎയുടെ നിലപാട്.

വര്‍ഗീയ ധ്രുവീകരണം ശക്തമായ പ്രദേശമാണ് നാസിക് ജില്ലയിലെ മാലേഗാവ്. വലിയ തോതിലുള്ള മുസ്ലീം ജനസംഖ്യ കണക്കിലെടുത്താണ് ഹിന്ദു തീവ്രവാദി സംഘടന സ്‌ഫോടനത്തിനായി മാലേഗാവ് തിരഞ്ഞെടുത്തതെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) കുറ്റപത്രത്തില്‍ പറയുന്നു. സാധ്വി പ്രഗ്യ സിംഗ് ഠാക്കൂര്‍, കേണല്‍ ശ്രീകാന്ത്‌ പുരോഹിത്, ദയാനന്ദ് പാണ്ഡെ തുടങ്ങിയവരാണ് പ്രധാനമായും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നത്. സ്‌ഫോടകവസ്തുവായ ആര്‍ഡിഎക്‌സ് സ്ഥാപിക്കാന്‍ പുരോഹിതിന് നിര്‍ദ്ദേശം നല്‍കിയത് ദയാനന്ദ് പാണ്ഡെ ആണെന്നും സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ബൈക്ക് പ്രഗ്യ സിംഗിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. മറ്റൊരു പ്രതിയായ അജയ് രാഹിര്‍കാര്‍ ആണ് പദ്ധതിക്കാവശ്യമായ പണം സംഘടിപ്പിച്ചതും നാസികിലെ ഭോണ്‍സാല മിലിട്ടറി സ്‌കൂളില്‍ ഗൂഢാലോചന യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും കുറ്റപത്രം പറയുന്നു.

This post was last modified on August 21, 2017 3:52 pm

Related Post
Leave a Comment