X

രാവണപ്രഭുവല്ല വാര്‍ത്തകള്‍; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ്സ് കാര്‍ഡ് ഏറ്റുവാങ്ങി രഞ്ജിത്ത് പറഞ്ഞത്

മാധ്യമ അജണ്ടകളില്‍ വീഴില്ലെന്ന ഭാവത്തില്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍

കള്ളയൊപ്പിടേണ്ട ആവശ്യമില്ലാത്ത പ്രോഗ്രസ്സ് കാര്‍ഡാണ് ഇടതു സര്‍ക്കാരിന്‍റേതെന്ന് സംവിധായകന്‍ രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം വിശദമാക്കുന്ന പ്രോഗ്രസ്സ് കാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കുക എന്ന പ്രയാസമേറിയ ജോലിയാണ് ഈ സര്‍ക്കാരിന് ചെയ്യാനുണ്ടായിരുന്നത്. ഭരണയന്ത്രം ഒരു വര്‍ഷം കൊണ്ട് നേരെയാകുമെന്ന് പ്രതീക്ഷിച്ച നമുക്കാണ് തെറ്റുപറ്റിയത്.” രഞ്ജിത്ത് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പറഞ്ഞത് വാസ്തവം. കഴിഞ്ഞ യു ഡി എഫ് ഭരണകാലം സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു എന്നു ആര്‍ക്കാണ് അറിയാത്തത്. മോന്തായവും ഉത്തരവും ഒക്കെ വളഞ്ഞ വീട് നിലംപൊത്തിയത് പോലെയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസ്ഥ. 50 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്ന മാണി സാര്‍ വരെ കൈക്കൂലി പണം പറ്റിയെന്ന ആരോപണത്തിന്റെ പേരില്‍ രാജി വെച്ചൊഴിയേണ്ടി വന്നു. ആ മന്ത്രിസഭയിലെ ഏത് മന്ത്രിയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഇല്ലാത്തത്?

അതേസമയം പിണറായി വിജയന്റെ കയ്യില്‍ എന്തോ മാന്ത്രിക വടിയുണ്ട് എന്നു കരുതിയവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നും രഞ്ജിത് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം അല്ലെങ്കില്‍ നിരവധി വര്‍ഷങ്ങളായി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും അര്‍ബുദം ബാധിച്ച ഒരു ശരീരത്തെയാണ് നേരെയാക്കി എടുക്കേണ്ടത്. അതിനു ഒരു വര്‍ഷം വളരെ കുറഞ്ഞ സമയം തന്നെയാണ്.

രഞ്ജിത് അടുത്തതായി പറയുന്നത് ഒരു മാധ്യമ വിമര്‍ശനമാണ്. “തീവ്ര ഇടതുപക്ഷ വിരുദ്ധ മനോഭാവമുള്ള മാധ്യമ പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ചെറിയ ചുവടു പിഴകളെപ്പോലും പര്‍വതീകരിച്ചു ചാനല്‍ റേറ്റിംഗ് ഉയര്‍ത്തി.” പക്ഷേ ഈ പറഞ്ഞതും ആദ്യം പറഞ്ഞതും തമ്മില്‍ വലിയ വൈരുധ്യമുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്തായിരുന്നു എന്ന് രഞ്ജിത്തിന് എങ്ങനെ മനസിലായി? അതും ഈ ‘തീവ്ര ഇടതുപക്ഷ വിരുദ്ധ മാധ്യമ പ്രവര്‍ത്തകര്‍’ റിപ്പോര്‍ട്ട് ചെയ്തിട്ടാണല്ലോ? അന്ന് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു നടന്നത് മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ പഴയ എസ്എഫ്ഐക്കാരാണ്, അവരാണ് കള്ളക്കഥ മെനയുന്നത് എന്നാണ്. കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞത് നാട്ടുകാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇന്നും കേരളം ഉമ്മന്‍ചാണ്ടി ഭരിക്കുന്നുണ്ടാകുമായിരുന്നു. അപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ പണി ചെയ്യട്ടെ. അത് രഞ്ജിത്ത് സിനിമ എടുക്കുന്നത് പോലെയാണ്. വാര്‍ത്ത ബോക്സോഫീസില്‍ ബംബര്‍ ഹിറ്റാകണമെന്നേ മാധ്യമ മുതലാളിമാരും കരുതുകയുള്ളൂ. ഒരു സിനിമാ നിര്‍മ്മാതാവ് കൂടിയായ രഞ്ജിത്തിന് കാര്യം മനസിലാകുമെന്ന് തോന്നുന്നു.

പക്ഷേ രഞ്ജിത്ത് ഉന്നയിച്ച മാധ്യമ വിമര്‍ശനത്തെ പൂര്‍ണ്ണമായും തള്ളിക്കളയാനും പറ്റില്ല. സാധാരണ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ തമസ്കരിക്കുകയും പലപ്പോഴും ഉപരിപ്ലവമായ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ അഭിരമിക്കുകയും ചെയ്യുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്. മന്ത്രി മണിയാശാന്റെ പ്രസംഗം തന്നെ ഉദാഹരണം. അത് എഡിറ്റ് ചെയ്ത് വിവാദമാക്കാവുന്ന തരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമി ചാനല്‍ തന്നെയാണല്ലോ? മന്ത്രി മണിയുടെ നാവിലെ സരസ്വതി വിളയാട്ടത്തെ കുറിച്ച് അറിയാവുന്നത് കൊണ്ട് എല്ലാവരും അതങ്ങ് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തു. അത് എത്ര ദിവസമാണ് മാധ്യമ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്. മണിയാശാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ വരെ നടന്നില്ലേ. നിയമസഭയുടെ എത്ര മണിക്കൂറുകളാണ് ആ ഒരു തട്ടിക്കൂട്ട് വിഷയത്തിന്റെ പേരില്‍ നഷ്ടപ്പെട്ടത്. എന്നിട്ട് എന്തുണ്ടായി? രഞ്ജിത്ത് ഉയര്‍ത്തിയ വിഷയത്തിന്റെ പ്രാധാന്യം ഇവിടെയാണ്.

എന്തായാലും അത്തരം മാധ്യമ അജണ്ടകളില്‍ വീഴില്ലെന്ന ഭാവത്തില്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്‍പാകെ വെച്ചുകൊണ്ട് അതാണ് സൂചിപ്പിക്കുന്നത്. “റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ നടപടിയും കൈക്കൊള്ളുന്ന മുറയ്ക്ക് കാലികമാക്കും” എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അയക്കേണ്ട വിലാസവും ദേശാഭിമാനി കൊടുത്തിട്ടുണ്ട്. കേരള മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് നിര്‍ദേശങ്ങള്‍ അയക്കേണ്ടത്. കവറിനു പുറത്ത് ‘35 ഇന പരിപാടി സംബന്ധിച്ച നിര്‍ദേശം’ എന്നെഴുതണം. നിര്‍ദേശങ്ങള്‍ ഇ-മെയില്‍ വഴിയും അയക്കാം. progress@kerala.gov.in എന്ന വിലാസത്തില്‍ അയക്കണം എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊള്ളാം പങ്കാളിത്ത ജനാധിപത്യത്തിന്റെ ചെറിയൊരു മാതൃക. പക്ഷേ ഈ വിലപ്പെട്ട വിവരം മറ്റേതെങ്കിലും പത്രം റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നില്ല. പ്രത്യേകിച്ചും കൂടുതല്‍ സര്‍ക്കുലേഷനുള്ള മനോരമ, മാതൃഭൂമി, കേരളകൌമുദി തുടങ്ങിയവ.

ഇത് അറിയാനുള്ള അവകാശത്തിന്റെ നിഷേധമല്ലേ പത്ര മുതലാളി? മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതല ഏറ്റപ്പോള്‍ ക്യാബിനറ്റ് മീറ്റീംഗിന് ശേഷമുള്ള പത്ര സമ്മേളനം ഒഴിവാക്കിയപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പിണറായി മല്ലു മോദിയാണെന്ന് വരെ വിശേഷിപ്പിച്ചു കളഞ്ഞു.

ചുരുങ്ങിയ പക്ഷം തങ്ങള്‍ എടുക്കുന്നത് രാവണപ്രഭു എന്ന സിനിമയല്ല എന്ന തിരിച്ചറിവെങ്കിലും ഈ പത്രമേലാളന്‍മാര്‍ക്ക് ഉണ്ടാവേണ്ടെ?

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തണമെന്ന് ആഗ്രഹിച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയായ” രഞ്ജിത്തിന്റെ അഭിപ്രായത്തിനോട് യോജിച്ചും വിയോജിച്ചുമാണ് ഈ കുറിപ്പ്.

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on June 6, 2017 1:29 pm