എബിപി ചാനലും സീ വോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേ പ്രവചിക്കുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇരു പ്രധാന മുന്നണികള്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം കിട്ടില്ല എന്നാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 267 സീറ്റ് നേടും. കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റ് കുറവാണിത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 142 സീറ്റ് നേടാനേ കഴിയൂ. മറ്റുള്ളവര്‍ 134 സീറ്റ് നേടും. അതായത് ഇരു മുന്നണികളുടേയും ഭാഗമല്ലാത്ത കക്ഷികളുടെ നിലപാട് നിര്‍ണായകമായിരിക്കും.
ബിഹാറിലും മഹാരാഷ്ട്രയിലും വന്‍ വിജയമാണ് എന്‍ഡിഎക്ക് പ്രവചിക്കുന്നത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു നേതൃത്വം നല്‍കുന്ന, ബിജെപിയും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും ഉള്‍പ്പെടുന്ന സഖ്യം ആകെയുള്ള 40ല്‍ 34ഉം നേടുമെന്നാണ് പ്രവചനം. ആര്‍ജെഡി നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യം ആറ് സീറ്റിലൊതുങ്ങും. മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടില്ല. മഹാരാഷ്ട്രയില്‍ ആകെയുള്ള 48ല്‍ 35 സീറ്റും ബിജെപി-ശിവസേന സഖ്യം നേടും. കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് 13 സീറ്റ് കിട്ടും. അതേസമയം യുപിയില്‍ ആകയുള്ള 80ല്‍ എന്‍ഡിഎ 32 സീറ്റിലേയ്ക്ക് ചുരുങ്ങും. നേട്ടമുണ്ടാക്കുന്നത് എസ് പി – ബി എസ് പി സഖ്യമായിരിക്കും – 44 സീറ്റ്. കോണ്‍ഗ്രസ് നാല് സീറ്റ് നേടും.
രാജസ്ഥാനില്‍ 25ല്‍ 20ഉം ബിജെപി നേടും കോണ്‍ഗ്രസ് അഞ്ച് സീറ്റിലൊതുങ്ങും. ഗുജറാത്തില്‍ 26ല്‍ 24ഉം ബിജെപി നേടും. കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങും. മധ്യപ്രദേശില്‍ ഭരണം നഷ്ടമായെങ്കിലും ബിജെപി വന്‍ വിജയം തേടും. 29ല്‍ 23 സീറ്റ്. ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബജു ജനതാ ദളിനെ പിന്നിലാക്കി ബിജെപി സഖ്യം മുന്നേറും. ആകെയുള്ള 21 സീറ്റില്‍ എന്‍ഡിഎക്ക് 12ഉം ബിജെഡിക്ക് ഒമ്പതും. പശ്ചിമ ബംഗാളില്‍ 42ല്‍ 35ഉം മറ്റുള്ളവര്‍ നേടും എന്നാണ് പറയുന്നത്. ഈ 35 സീറ്റും തൃണമൂലിനാണോ എന്ന് പറയുന്നില്ല. ഇടതുപാര്‍ട്ടികള്‍ക്ക് സീറ്റ് കിട്ടുമോ എന്നത് വ്യക്തമല്ല. കോണ്‍ഗ്രസിന് ഒരു സീറ്റും ബിജെപിക്ക് ആറ് സീറ്റും കിട്ടും.
അതേസമയം ഝാര്‍ഖണ്ഡില്‍ ആകെയുള്ള 14ല്‍ ഒമ്പത് സീറ്റ് കോണ്‍ഗ്രസ് സഖ്യവും അഞ്ച് സീറ്റ് എന്‍ഡിഎയും നേടും. പഞ്ചാബിലെ 13 ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് 12 സീറ്റും നേടും. അകാലിദള്‍-ബിജെപി സഖ്യത്തിന് ഒരു സീറ്റ്. ഹരിയാനയില്‍ 10ല്‍ ഒമ്പത് സീറ്റും ബിജെപി സഖ്യത്തിന്. ഒരു സീറ്റ് കോണ്‍ഗ്രസിന്. ദക്ഷിണേന്ത്യയിലെ മൊത്തം 129 സീറ്റില്‍ 63ഉം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നേടും. എന്‍ഡിഎയ്ക്ക് 22 സീറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് 44ഉം.
This post was last modified on April 8, 2019 5:38 am
Leave a Comment