X

ഗ്രൗണ്ടില്‍ ആര്‍എസ്എസ് ശാഖ, ഹിമാചല്‍ യൂണിവേഴ്‌സിറ്റിയില്‍ എബിവിപി – എസ്എഫ്‌ഐ സംഘര്‍ഷം: 17 പേര്‍ക്ക് പരിക്ക്

കാമ്പസില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഷിംലയിലെ ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ എബിവിപി, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലും പെട്ട 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ കാമ്പസില്‍ ആര്‍എസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ ശാഖ നടത്തുന്നതിനായി ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചതായും ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിക്രം സിംഗ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ലാത്തികളും ഇരുമ്പ് വടികളും കൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ വാളുമായി ആക്രമിച്ചതായി എബിവിപി നേതാക്കള്‍ പറയുന്നു.

ആരുടേയും പരിക്ക് ഗുരുതരമല്ല. ഇരു സംഘടനകളും പരസ്പരം പരാതികള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്. പൊലീസ് കേസുകളെടുത്തു. ആര്‍എസ്എസ് അവിടെ സമാധാനമായി പരിപാടി സംഘടിപ്പിക്കുമ്പോള്‍ ആക്രമിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി എന്ന് ബിജെപി നേതാവായ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ പറഞ്ഞു. ഇത് പശ്ചിമ ബംഗാള്‍ അല്ല എന്നും ഇവിടെ എല്ലാവരും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത് എന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് പറഞ്ഞു. അതേസമയം അന്വേഷിച്ച ശേഷമേ ഇക്കാര്യം സംബന്ധിച്ച് പറയാനാകൂ എന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

This post was last modified on March 25, 2019 7:30 am