X

“ഈ വൃത്തികെട്ടവനെതിരേ ആരും നടപടി എടുക്കാത്തത് കഷ്ടമാണ്”; നയന്‍താരയെ അധിക്ഷേപിച്ച രാധ രവിയ്‌ക്കെതിരെ വിഘ്നേഷ് ശിവന്‍

'ഒരു നടന്‍ അധിക്ഷേപിക്കുമ്പോള്‍ ആരും നയന്‍താരയെ പിന്തുണയ്ക്കാനുണ്ടായില്ല. എന്താണ് പറയേണ്ടതെന്ന അറിയില്ല' എന്നായിരുന്നു' ചിന്‍മയിയുടെ പ്രതികരണം

നയന്‍താരയെ വിമര്‍ശിച്ച നടന്‍ രാധാ രവിയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഗായിക ചിന്‍മയി ശ്രീപദയും. നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രചരണ വേദിയില്‍ വെച്ചാണ് രാധാരവി മോശം പരാമര്‍ശം നടത്തിയത്. ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നില്ല.

‘നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല’ എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം’.

‘വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്ന ഈ വൃത്തിക്കെട്ടവനെതിരേ ആരും നടപടി എടുക്കാന്‍ തയ്യാറാകാത്തത് കഷ്ടമാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടാന്‍ ഇനിയും അയാള്‍ ഇതു പോലെ ചെയ്യും. ബുദ്ധി ശൂന്യന്‍. അയാളുടെ സംസാരം കേട്ട് ചിലര്‍ കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുമ്പോള്‍ വിഷമം തോന്നുന്നു’ എന്നു തുടങ്ങിയാണ് വിഷ്‌നേഷ് ശിവന്റെ പ്രതികരണം. പൊതു വേദിയില്‍ എന്തും പറയാനുള്ള ധൈര്യം ഇത്തരം ആളുകള്‍ക്ക് നല്‍കരുതെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.

‘ഒരു നടന്‍ അധിക്ഷേപിക്കുമ്പോള്‍ ആരും നയന്‍താരയെ പിന്തുണയ്ക്കാനുണ്ടായില്ല. എന്താണ് പറയേണ്ടതെന്ന അറിയില്ല’ എന്നായിരുന്നു’ ചിന്‍മയിയുടെ പ്രതികരണം. നടന്‍ രാധാ രവിക്കെതിരെ ചിന്‍മയി മീ ടൂ ക്യാമ്പയിനുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് ചിന്‍മയിക്ക് ഡബ്ബിങ് രംഗത്ത് ഇയാള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

പൊള്ളാച്ചി പീഡനക്കേസിനെ കുറിച്ചും ഇയാള്‍ മോശം പരാമര്‍ശം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഒട്ടനവധി ആളുകളാണ് രാധാ രവിയ്‌ക്കെതിരെ പ്രതികരണവുമായി എത്തുന്നത്.

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 25, 2019 8:49 am