X

അക്ഷയക്ക് ഹൃദയപൂർവം കേരളം :സൗജന്യ ശസ്ത്രക്രിയ വാഗ്ദാനവുമായി ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട്

അക്ഷയയുടെ ഈ നല്ല മനസ്സ് തിരിച്ചറിഞ്ഞ ശ്രീചിത്തിര ആശുപത്രി അധികൃതര്‍ സൗജന്യ ശസ്ത്രക്രിയ വാഗ്ദാനവുമായി മുന്നോട്ടു വരികയായിരുന്നു.

കേരളത്തിലെ പ്രളയബാധിതർക്കായി തമിഴ് നാട്ടിൽ നിന്നും സ്വന്തം ഹൃദയത്തിന്റെ വില നൽകി അക്ഷയ എന്ന പെൺകുട്ടി രാജ്യത്തിനാകെ അത്ഭുതം ആയി മാറിയിരുന്നു. തന്റെ ഹൃദയശസ്ത്രക്രിയക്കായി സ്വരൂപിച്ച പണത്തിന്റെ ഒരു ഭാഗം കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ദാനം ചെയ്ത അക്ഷയക്ക്  ഇപ്പോള്‍ തിരിച്ച ഒരു സഹായ വാഗ്ദാനം നല്കിയിരിക്കയാണ് ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. പെണ്‍കുട്ടിക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ.

അച്ഛൻ മരിച്ചതിനെത്തുടർന്ന് അക്ഷയയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അംഗനവാടിയിലെ താത്കാലിത ജീവനക്കാരിയാണ് അമ്മ ജ്യോതിമണി. സുഹൃത്തുക്കളുടേയും പരിചയക്കാരുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയക്കുള്ള പണം അക്ഷയ കണ്ടെത്തിയത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. ഇക്കൊല്ലം നവംബറിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതിന് ഏകദേശം 2.5 ലക്ഷം രൂപയാകും. പിരിവു നടത്തിയും സുമനസ്സുകളുടെ കാരുണ്യത്താലും 20,000 രൂപ ഇതുവരെ ശേഖരിച്ചു. ഇതിൽ നിന്നുള്ള 5000 രൂപയാണ് അക്ഷയ കേരളത്തിന് നൽകിയത്. അക്ഷയയുടെ ഈ നല്ല മനസ്സ് തിരിച്ചറിഞ്ഞ ശ്രീചിത്തിര ആശുപത്രി അധികൃതര്‍ സൗജന്യ ശസ്ത്രക്രിയ വാഗ്ദാനവുമായി മുന്നോട്ടു വരികയായിരുന്നു.