X

സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു മറ്റൊരു തമിഴ് മകള്‍ കൂടി; ഹൃദയശസ്ത്രക്രിയക്കായി സ്വരൂപിച്ച പണത്തിന്റെ ഒരു ഭാഗം പ്രളയബാധിതര്‍ക്ക്

തമിഴ്നാട്ടിലെ കരൂർ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരി അക്ഷയ

കേരളത്തിലെ പ്രളയബാധിതർക്കായി തമിഴ് നാട്ടിൽ നിന്നും വാക്കുകൾക്കതീതമായ മറ്റൊരു ഹസ്തദാനം. സ്വന്തം ഹൃദയത്തിന്റെ വില നൽകി തമിഴ്നാട്ടിൽ നിന്നൊരു പെണ്‍കുട്ടി. തന്റെ ഹൃദയശസ്ത്രക്രിയക്കായി സ്വരൂപിച്ച പണത്തിന്റെ ഒരു ഭാഗം കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ദാനം ചെയ്തിരിക്കുകയാണ് തമിഴ്നാട്ടിലെ കരൂർ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരി അക്ഷയ.

ടിവിയിൽ നിരന്തരം കാണുന്നുണ്ടായിരുന്നുവെന്നും അത് തന്നെ അസ്വസ്ഥയാക്കിയെന്നും അക്ഷയ പറയുന്നു. ‘എന്നെപ്പോലുള്ള അനേകം കുട്ടികൾ വെള്ളപ്പൊക്കംമൂലം കഷ്ടതയനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ ശസ്ത്രക്രിയക്കായി ശേഖരിച്ച പണത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്തുകൊണ്ട് അവരെ സഹായിക്കാൻ തീരുമാനിച്ചു. ആരെങ്കിലും എന്നെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ഇപ്പോൾ ഈ പണംകൊണ്ട് കേരളത്തിനാണ് ആവശ്യം.’ അക്ഷയ വ്യക്തമാക്കി.

അച്ഛൻ മരിച്ചതിനെത്തുടർന്ന് അക്ഷയയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അംഗനവാടിയിലെ താത്കാലിത ജീവനക്കാരിയാണ് അമ്മ ജ്യോതിമണി. സുഹൃത്തുക്കളുടേയും പരിചയക്കാരുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയക്കുള്ള പണം അക്ഷയ കണ്ടെത്തിയത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. ഇക്കൊല്ലം നവംബറിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഇതിന് ഏകദേശം 2.5 ലക്ഷം രൂപയാകും. പിരിവു നടത്തിയും സുമനസ്സുകളുടെ കാരുണ്യത്താലും 20,000 രൂപ ഇതുവരെ ശേഖരിച്ചു. ഇതിൽ നിന്നുള്ള 5000 രൂപയാണ് അക്ഷയ കേരളത്തിന് നൽകിയത്.

This post was last modified on August 23, 2018 5:57 pm