X

നാല് സംസ്ഥാനങ്ങളില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ്

അരുണാചല്‍പ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

നാല് സംസ്ഥാനങ്ങളില്‍ – ആന്ധ്രപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ – നിയമസഭ തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. ഈ നാല് സംസ്ഥാനങ്ങളിലും ഏപ്രില്‍, മേയ് മാസങ്ങളില്‍ നിയമസഭകളുടെ കാലാവധി കഴിയും. അരുണാചല്‍പ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജമ്മു കാശ്മീരിലും നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്.

വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് അധികാര പങ്കാളിത്തമില്ലാത്ത ഒരേയൊരു സംസ്ഥാനം സിക്കിം ആണ്. പവന്‍ കുമാര്‍ ചാംലിങ് നേതൃത്വം നല്‍കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ് ഡി എഫ്) ആണ് അധികാരത്തില്‍. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിന്റെ 33 എംഎല്‍എമാരെ സ്വന്തം പാളയത്തിലേയ്ക്ക് കൊണ്ടുവന്നാണ് 2016 ഡിസംബറില്‍ അരുണാചല്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കമുള്ളവരാണ് ബിജെപിയിലെത്തിയിരുന്നത്.

ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം ആന്ധ്ര നിയമസഭയിലേയ്ക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 25 ലോക്‌സഭ സീറ്റുകളും 175 നിയമസഭ സീറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തെ ബിജെപി വിരുദ്ധ പ്രതിപക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ മുന്നില്‍ നില്‍ക്കുകയാണ് ഭരണ തുടര്‍ച്ചയ്ക്ക് ജനവിധി തേടുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് നായിഡു പറഞ്ഞിരിക്കുന്നത്.

ഒഡീഷയില്‍ 2000 മുതല്‍ അധികാരത്തിലുള്ള നവീന്‍ പട്‌നായിക് വീണ്ടും ഭരണത്തുടര്‍ച്ചയ്ക്കുള്ള അവസരം തേടുകയാണ്. 33 ശതമാനം ലോക്‌സഭ സീറ്റുകള്‍ വനിതകള്‍ക്ക് ബിജു ജനതാദള്‍ സംവരണം ചെയ്തിട്ടുണ്ട്. ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മുന്നണി ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു നവീന്‍ പട്‌നായിക്. അതേസമയം ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയുടെ ശക്തനായ വക്താവായ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഇതുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങളുമായി നവീന്‍ പട്‌നായിക് സഹകരിക്കാന്‍ തയ്യാറായില്ല.