X

ഇനി അതിഷി മാത്രം, മാര്‍ലെനയില്ല: ബിജെപി തന്നെ ക്രിസ്ത്യാനിയാക്കുന്നതായി എഎപി നേതാവിന്റെ പരാതി

മാര്‍ലെന എന്ന തന്റെ പേര് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ തനിക്കെതിരെ ബിജെപി വര്‍ഗീയ പ്രചാരണവും അപവാദ പ്രചാരണവും നടത്തുന്നതെന്ന് അതിഷി പറയുന്നു.

താനൊരു ക്രിസ്ത്യാനിയാണെന്ന് ചിത്രീകരിച്ച് ബിജെപി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളിലൊരാളായി നേതൃത്വം തീരുമാനിച്ചിട്ടുള്ളവരില്‍ ഒരാളുമായ അതിഷി മാര്‍ലെന. ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷി മാര്‍ലെന ജനവിധി തേടിയേക്കും എന്നാണ് സൂചന. മാര്‍ലെന എന്ന തന്റെ പേര് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ തനിക്കെതിരെ ബിജെപി വര്‍ഗീയ പ്രചാരണവും അപവാദ പ്രചാരണവും നടത്തുന്നതെന്ന് അതിഷി പറയുന്നു. ഏതായാലും മാര്‍ലെന വെട്ടി ഇപ്പോള്‍ ട്വിറ്ററില്‍ അതിഷി മാത്രമേയുള്ളൂ. മറ്റ് പ്രചാരണങ്ങളിലും അതിഷി എന്ന പേര് മാത്രം. എഎപിയുടെ വെബ്‌സൈറ്റില്‍ വരെ പേര് മാറ്റി.

അതേസമയം അതിഷിയോട് മാര്‍ലെന എന്ന പേര് നീക്കാനോ മാറ്റാനോ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എഎപി പറയുന്നത്. ഒരു പഞ്ചാബി രജപുത് കുടുംബത്തില്‍ നിന്നുള്ള അതിഷിയ്‌ക്കെതിരെ ബിജെപി അപവാദം പ്രചരിപ്പിക്കുന്നു എന്നാണ് ഒരു എഎപി നേതാവിന്റെ പരാതി. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറായ വിജയ് സിംഗ് മാര്‍ക്‌സിന്റേയും ലെനിന്റേയും പേര് ചേര്‍ത്താണ് മകള്‍ക്ക് പേരിട്ടത്. അതേസമയം ആളുകളുടെ ജാതിയും മതവുമൊന്നുമല്ല യോഗ്യതയായി എഎപി പരിഗണിക്കുന്നതെന്ന് എഎപി നേതാവ് അക്ഷയ് മറാത്തെ പറഞ്ഞു.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലുമായാണ് അതിഷി മാര്‍ലെന ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2015 നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ അതിഷിയും പങ്കാളിയായിരുന്നു. ഏപ്രില്‍ വരെ, വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായിരുന്നു അതിഷി മാര്‍ലെന.