X

ഡ്രൈവര്‍ അര്‍ജ്ജുന്‍ ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഡോക്ടറുടെ ബന്ധു; രണ്ട് കേസുകളില്‍ പ്രതി

ബാലഭാസ്‌കറില്‍ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചുനല്‍കിയതായമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇടപാടുകളുടെ ബാങ്ക് രേഖകളും ഇവര്‍ കാണിച്ചിരുന്നു.

കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം അന്തിമഘട്ടത്തില്‍. പാലക്കാട് സ്വദേശിയായ ഡോക്ടറുമായി ബാലഭാസ്‌കറിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണ് ഇതുവരെ പൊലീസിന്റെ നിഗമനം എന്ന് മലയാള മനോരമ റിപ്പോട്ട് ചെയ്യുന്നു. അതേസമയം ബാലഭാസ്‌കറിനും കുടുംബത്തിനുമൊപ്പം അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ ഈ ഡോക്ടറുടെ ബന്ധുവും രണ്ട് കേസുകളില്‍ പ്രതിയുമാണ്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകളുമായി ഇതിന് ബന്ധമുണ്ടെന്നുമുള്ള പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഡോക്ടറേയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌കറില്‍ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും ഇത് തിരിച്ചുനല്‍കിയതായമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇടപാടുകളുടെ ബാങ്ക് രേഖകളും ഇവര്‍ കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇവരെ സംശയിക്കേണ്ട കാര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ രണ്ട് കേസുകളില്‍ പ്രതിയാണ് അര്‍ജ്ജുന്‍. എടിഎം മോഷണം നടത്തിയ രണ്ട് സംഘങ്ങള്‍ക്കൊപ്പം ഡ്രൈവറായി പോയെന്നാണ് കേസ്.

എന്നാല്‍ ആരാണ് അപകട സമയത്ത് വാഹനം ഓടിച്ചത് എന്ന് കാര്യത്തില്‍ ഇപ്പോളും വ്യക്തതയില്ല. ബാലഭാസ്‌കര്‍ ആണ് ഓടിച്ചിരുന്നത് എന്ന് അര്‍ജ്ജുനും അര്‍ജ്ജുന്‍ ആണ് ഓടിച്ചിരുന്നത് എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും പറയുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ കഴിയൂ. സെപ്റ്റംബര്‍ 25ന് തിരുവന്തപുരത്ത് വച്ചുണ്ടായ റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്. രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

This post was last modified on January 22, 2019 7:18 am