X

വോട്ടിനോട് വഞ്ചന കാണിച്ചവരെ സൂക്ഷിക്കുക: പ്രേമചന്ദ്രനെ കടന്നാക്രമിച്ച് വീണ്ടും പിണറായി കൊല്ലത്ത്

ഈ സ്ഥാനാര്‍ത്ഥി ബിജെപിയിലേയ്ക്ക് പോവില്ല എന്ന് എങ്ങനെ വിശ്വസിക്കും എന്ന് പിണറായി ചോദിച്ചു.

ചെയ്യുന്ന വോട്ടിനോട് വഞ്ചന കാണിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. 2014ലെ എന്‍കെ പ്രേമചന്ദ്രന്റേയും ആര്‍ എസ് പിയുടേയും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേയ്ക്കുള്ള മാറ്റം സൂചിപ്പിച്ചാണ് പ്രേമചന്ദ്രന്റെ പേര് പറയാതെ പിണറായി വിര്‍ശിച്ചത്. ഈ സ്ഥാനാര്‍ത്ഥി ബിജെപിയിലേയ്ക്ക് പോവില്ല എന്ന് എങ്ങനെ വിശ്വസിക്കും എന്ന് പിണറായി ചോദിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പ്രേമചന്ദ്രനെ പരനാറി എന്ന് പിണറായി വിളിച്ചത് വിവാദമായിരുന്നു. താന്‍ ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്ന് പിന്നാലെയാണ് വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രേമചന്ദ്രനെ ആക്രമിച്ച് പിണറായി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിണറായി രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. കേരളത്തില്‍ ക്ഷേത്രാചാരം എന്ന് പറഞ്ഞൊതുക്കി മംഗലാപുരത്തെത്തുമ്പോള്‍ ശബരിമല, അയ്യപ്പന്‍ എന്നെല്ലാം പറഞ്ഞ് കേരളത്തെ അപമാനിക്കുകയാണ് മോദി. ആലോചിച്ച് ബുദ്ധിപൂര്‍വം വോട്ട് ചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു.

മോദി ശബരിമലയുടെ പേരില്‍ പച്ചക്കള്ളങ്ങള്‍ പറയുകയാണ്. അയ്യപ്പന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്താല്‍ കേരളത്തില്‍ അറസ്റ്റ് നടക്കുകയാണ് എന്ന കള്ളം പ്രചരിപ്പിക്കുന്നു. ഇതുപോലൊരു കള്ളം ഒരു പ്രധാനമന്ത്രി പറയാമോ. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം. 144 പ്രഖ്യാപിക്കണം, നിരോധനാജ്ഞ വേണം എന്നെല്ലാം നിങ്ങളല്ലേ ആവശ്യപ്പെട്ടത് മോദീ, എന്ന് പിണറായി ചോദിച്ചു. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാനാകാത്ത സ്ഥിതിയാണ് എന്നാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞത്.

This post was last modified on April 14, 2019 12:18 pm