X

ഉയര്‍ന്ന തൊഴിലില്ലായ്മ: മോദി ഹിറ്റ്‌ലറെന്ന് രാഹുല്‍ ഗാന്ധി; രാഹുല്‍ മുസോളിനിയെന്ന് ബിജെപി

45 വര്‍ഷത്തിനിടെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച എന്‍എസ്എസ്ഒ (നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസ്) സര്‍വേ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ പൂഴ്ത്തിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഫ്യൂറര്‍ (നാസി ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്) എന്നാണ് മോദിയെ രാഹുല്‍ വിശേഷിപ്പിച്ചത്. NoMo Jobs! എന്ന് പറഞ്ഞും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

ഫ്യൂറര്‍ നിങ്ങള്‍ക്ക് രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തൊഴില്‍ സൃഷ്ടിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കാര്‍ഡ് ദേശീയ ദുരന്തമാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം തൊഴിലില്ലാത്ത യുവാക്കള്‍ ആറരക്കോടിയോളമാണ്. NoMoയ്ക്ക് പോകാന്‍ സമയമായിരിക്കുന്നു – രാഹുല്‍ ട്വീറ്റ് ചെയ്തു. സര്‍ജിക്കല്‍ 2016ല്‍ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പറയുന്ന ഉറി സിനിമയിലെ ഡയലോഗും പരിഹാസപൂര്‍വം രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നു. How is the Josh എന്നതിനെ #HowsTheJobs എന്ന ഹാഷ് ടാഗിലാണ് രാഹുല്‍ അവതരിപ്പിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിക്ക് പാരമ്പര്യമായി ദീര്‍ഘവീക്ഷണമില്ലായ്മയും കാര്യങ്ങളെ സങ്കുചിത മനസ്ഥിതിയോടെ കാണുകയും ചെയ്യുന്ന മുസോളിനിയുടെ പ്രശ്‌നമുണ്ടെന്ന് ബിജെപി പ്രതികരിച്ചു. കഴിഞ്ഞ 15 മാസത്തിനിടെ തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു എന്നാണ് ഇപിഎഫ്ഒ ഡാറ്റ വ്യക്തമാക്കുന്നത്. ഇതുവരെ മര്യാദയ്ക്ക് ജോലിയൊന്നും ചെയ്യാത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കാര്യങ്ങള്‍ പറയാനാകൂ എന്നും ബിജെപി കുറ്റപ്പെടുത്തി.

എന്‍ എസ് എസ് ഒയുടെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) കണക്ക് പ്രകാരം 2017-18ല്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1972-73ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഡിസംബറില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിറ്റി ചെയര്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും രാജി വയ്ക്കുകയും ചെയ്തിരുന്നു. 2011-12ല്‍ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 6.1 ആയി ഉയര്‍ന്നത്. തൊഴില്‍പങ്കാളിത്തെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായി കുറഞ്ഞിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. നഗര മേഖലയില്‍ 7.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ആദ്യ തൊഴിലില്ലായ്മ സര്‍വേയാണിത്.

This post was last modified on January 31, 2019 5:07 pm