ജവഹര്‍ലാല്‍ നെഹ്രുവിനെ അധിക്ഷേപിച്ച് ട്വിറ്റര്‍ പോസ്റ്റിട്ട ബിജെപി ഐടി സെല്ലിനും കണ്‍വീനര്‍ അമിത് മാളവ്യക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഐടി സെല്ലിന്റെ ആദ്യ കണ്‍വീനറും നിലവില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ പ്രൊദ്യുത് ബോറ. 2007ല്‍ ഐടി സെല്‍ ഉണ്ടാക്കിയപ്പോള്‍ ഞാനായിരുന്നു അതിന്റെ കണ്‍വീനര്‍. ഇതുപോലൊരു ശുംഭന് എന്റെ സ്ഥാനത്ത് വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല – പ്രൊദ്യുത് ബോറ ട്വീറ്റ് ചെയ്തു. ഹാര്‍ദിക് പട്ടേലിന് നെഹ്രുവിന്റെ ഡിഎന്‍എ ആണ് എന്ന് തോന്നുന്നു എന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസ ട്വീറ്റ്. നെഹ്റു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നയാളാണ് എന്ന തരത്തിലായിരുന്നു അമിത് മാളവ്യയുടെ അധിക്ഷേപം.
ഗുജറാത്തിലെ പട്ടീദാര്‍ നേതാവിന്റെ സെക്സ് വീഡിയോ ടേപ്പ് എന്ന പേരില്‍ വീഡിയോ ക്ലിപ്പ് പുറത്തുവിട്ട് ബിജെപി പ്രചാരണം നടത്തുന്നുണ്ട്. ഇതാണ് സ്ത്രീകളെ കെട്ടിപ്പിടിച്ച് നില്ക്കുന്ന നെഹ്റുവിന്റെ ചിത്രവുമായി താരതമ്യം ചെയ്യുന്നത്. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് അടക്കമുള്ള സ്ത്രീകളോടൊപ്പമുള്ള നെഹ്റുവിന്റെ വികാരവായ്പ് പ്രതിഫലിപ്പിക്കുന്ന ഫോട്ടോകള്‍ അദ്ദേഹത്തെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നയാള്‍ എന്ന വ്യാജേന ഉപയോഗിച്ചത് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് മാളവ്യയെ വിമര്‍ശിച്ച് പ്രൊദ്യുത് ബോറ രംഗത്തെത്തിയത്. മോദിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജി വച്ച് പോവുകയായിരുന്നു.
This post was last modified on November 25, 2017 4:04 pm