ഉത്തര്‍പ്രദേശില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് സ്‌കൂളിലെ സിനീയര്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് കുത്തേറ്റു. ചൊവ്വാഴ്ച രാവിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ തന്നെ ആറു വയസുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ ശുചിമുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിച്ചത്.
“നിന്നെ കത്തി ഉപയോഗിച്ച് ആക്രമിച്ചാല്‍ നാളെ സ്‌കൂളിന് അവധി ലഭിക്കുമെന്ന്” പറഞ്ഞാണ് ആക്രമിച്ചതെന്ന് പരുക്കേറ്റ കുട്ടി മൊഴി നല്‍കി. പുറത്തറിയാതിരിക്കാന്‍ ബ്രൈറ്റ് ലാന്‍ഡ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഒരു ദിവസം സംഭവം മൂടിവെച്ചിരുന്നു. സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ശുചിമുറിക്കകത്ത് വെച്ച് നടന്ന സംഭവമായതിനാല്‍ സെക്യൂരിറ്റി ക്യാമറകള്‍ക്ക് ദൃശ്യം പകര്‍ത്താനായില്ലെന്ന് പോലീസ് പറഞ്ഞു. കേസ് ജുവനൈല്‍ ജസറ്റീസ് ബോര്‍ഡിന് കൈമാറുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ പറഞ്ഞു.
അതേസമയം സംഭവം ബ്ലൂവെയില്‍ ചലഞ്ചിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കുമെന്ന് സ്‌കൂള്‍ ഡയറക്ടര്‍ വീണ വ്യാസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗുഡ്ഗാവിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമാന്‍ ഠാക്കൂറിനെ പരീക്ഷ മാറ്റി വെക്കുന്നതിന് വേണ്ടി ആ സ്കൂളിലെ തന്നെ 16 കാരന്‍ കൊലപ്പെടുത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Leave a Comment