ഏകാന്തത പരിഹരിക്കാന്‍ ഒരു മന്ത്രി. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഈ വകുപ്പും മന്ത്രിയും ബ്രിട്ടനിലാണ്. ഇതാദ്യമായാണ് ഒരു രാജ്യത്ത് ഏകാന്തത മൂലം പൗരന്‍മാര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മന്ത്രിയെ നിയമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാനമന്ത്രി തെരേസ മേ ഈ നിയമനം നടത്തിയത്. ബ്രിട്ടനിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായ ട്രെയ്‌സോ ക്രൗച്ചാണ് ലോകത്തെ ആദ്യ ഏകാന്തത മന്ത്രി.
ആധുനിക ജീവിതത്തിന്റെ സങ്കടകരമായ യാഥാര്‍ത്ഥ്യമെന്നാണ് ഇതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ വിശേഷിപ്പിച്ചത്. ഏറെക്കാലമായി ആളുകളുമായി ബന്ധപ്പെടാതെയും സങ്കടത്തിലും ഒറ്റപ്പെടലിലും ജീവിക്കുന്നവരുടെ പ്രശ്‌നങ്ങളാണ് പുതിയ മന്ത്രി കൈകാര്യം ചെയ്യേണ്ടി വരിക. ബ്രിട്ടനില്‍ ഒമ്പത് ദശലക്ഷത്തോളം ആളുകളാണ് ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നത്. രണ്ട് ലക്ഷത്തോളം വയോധികര്‍ മാസത്തില്‍ ഒരിക്കല്‍ പോലും സുഹൃത്തുക്കളോ ബന്ധുക്കളോ ആയി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. 6.6 കോടി ജനസംഖ്യയുള്ള രാജ്യത്ത് 75 വയസ്സിനു മുകളിലുള്ള പാതി ജനങ്ങളും ഏകാന്തതയിലാണ്. ഭിന്നശേഷിക്കാരായ യുവജനങ്ങളുടെ കാര്യമെടുത്താല്‍ 85 % വും ഏകാന്തത അനുഭവിക്കുന്നുണ്ട്. പലര്‍ക്കും ആഴ്ചകളും മാസങ്ങളും മറ്റാരുമായും ഇടപഴകാതെ ജീവിക്കല്‍ സാധ്യമാണ്.
ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാനായി മന്ത്രിയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ കായിക പൗര സമൂഹ വകുപ്പിന്റെ ചുമതലയാണ് ‘ക്രൗച്ചി’നുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം വെടിയേറ്റു മരിച്ച ബ്രിട്ടീഷ് എം.പി ജോ കോക്‌സ് ഇത്തരം പ്രശ്‌നങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നിയമിച്ച കമ്മീഷന്റെ കണ്ടെത്തലുകളാണ് വകുപ്പ് രൂപീകരണത്തിലേക്ക് നയിച്ചത്. വയോധികരുടേയും അഭയാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും പ്രശ്‌നങ്ങളില്‍ സന്നദ്ധ സേവനം നടത്തുന്നതിലാണ് കമ്മീഷന്റെ ശ്രദ്ധ. പുതിയ മന്ത്രിയും ആവശ്യമായ സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്താനായി കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.
യു. എസ് പൗരന്‍മാരില്‍ മൂന്നില്‍ ഒരാള്‍ ഏകാന്തതയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഒറ്റപ്പെടല്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ ആയുര്‍ദൈര്‍ഘ്യം കുറക്കുന്നതായും ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസം പതിനഞ്ച് സിഗററ്റ് വലിക്കുന്നത്ര ഹാനികരമാണ് ഏകാന്തത എന്നാണ് ജോ കോക്‌സ് കമ്മീഷന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ നഗരമേഖലകളിലും ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Comment